നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദര്‍ശനം നാളെയുണ്ടാകും. നിലവില്‍ കിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും. ശേഷം മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാര്‍ത്ത പുറത്ത് വരുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണുവിന്റെ ജനനം നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.