ഹോട്ടലുകള്‍ രാത്രി 11നു ശേഷം അടപ്പിക്കാന്‍ എസ്.ഐയ്ക്ക് അധികാരമില്ല

കൊച്ചി : രാത്രി 11 മണിക്കു ശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശിക്കാനോ നോട്ടീസ് നല്‍കാനോ എസ്.ഐക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കാന്‍ ഹോട്ടല്‍ പ്രവര്‍ത്തനം രാത്രി 11 വരെ മാത്രമേ പാടുള്ളൂവെന്ന എസ്.ഐയുടെ ഉത്തരവിനെതിരെ കൊല്ലം ശക്തികുളങ്ങര സ്വദേശി രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

രാപകല്‍ മത്സ്യബന്ധനം നടക്കുന്ന പ്രദേശത്താണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ രണ്ടു പെട്രോള്‍ പമ്പുകളും വര്‍ക്ക് ഷോപ്പുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ നോട്ടീസ് നല്‍കിയത്. രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്നും പോലീസ് പറയുന്നു.
എന്നാല്‍ കേരള പോലീസ് ആക്റ്റനുസരിച്ച് എസ്.ഐയ്ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും അനുമതിയും ലൈസന്‍സും വാങ്ങിയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അവരൊന്നും സമയക്രമം നിശ്ചയിച്ചിട്ടില്ല. പോലീസ് ആക്റ്റ് അനുസരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊതു അറിയിപ്പു നല്‍കി നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയും.
ഹര്‍ജിക്കാരനായ ഹോട്ടലുടമക്കെതിരെ പരാതിയോ കേസോ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ രാത്രി 11-ന് അടയ്ക്കണമെന്നു പറയാന്‍ കഴിയില്ലെന്നു ഡിവിഷന്‍  ബെഞ്ച് ചൂണ്ടിക്കാട്ടി.