*പിണറായിക്കെതിരെ സ്ഥാനാര്‍ഥിയില്ല; യുഡിഎഫില്‍ ആശയക്കുഴപ്പം: എം.എസ്. കുമാർ*

    തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ജി. ദേവരാജന്‍ പിന്മാറിയത് യുഡിഎഫിന് തിരിച്ചടിയാണെന്നും എം.എസ്. കുമാര്‍ പറഞ്ഞു.
    ബിജെപിക്ക് സ്ഥാനാര്‍ഥികളെ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ കരുത്തനായ നേതാവ് സി.കെ. പദ്മനാഭനെയാണ് ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കാന്‍ ബിജെപി രംഗത്തിറക്കിയതും. ഇരുമുന്നണികളും തെരഞ്ഞെടുപ്പിനെ ലാഘവത്തോടെ കാണുമ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എന്‍ഡിഎയും ബിജെപിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിനാല്‍ തന്നെ നേമത്ത് അടക്കം കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.
    ഇരു മുന്നണികളിലെയും പടലപ്പിണക്കങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസംതൃപ്തിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ സാമാന്യരൂപം മറികടന്നിരിക്കുകയാണ്. ഐശ്വര്യകേരളം പ്രദാനം ചെയ്യാന്‍ റാലി നടത്തിയവര്‍ക്ക് ഐശ്വര്യപാര്‍ട്ടിയെ പോലും അവതരിപ്പിക്കാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് പോരാട്ടം വ്യക്തികള്‍ തമ്മിലല്ല. സ്ഥാനാര്‍ഥികള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. എല്ലാ പാര്‍ട്ടികളിലെയും കരുത്തന്മാരാണ് മത്സരിക്കുന്നത്. അവരോട് മത്സരിച്ചുതന്നെയാണ് വിജയിക്കേണ്ടത്.
    വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തത്തിലേര്‍പ്പെടുന്നവരാണ് തിരുവനന്തപുരത്ത് വന്ന് വര്‍ഗീയതയ്‌ക്കെതിരായി മത്സരിക്കുന്നു എന്നു പറയുന്നത്.
    കഴക്കൂട്ടം അടക്കമുള്ള ബാക്കി മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വൈകാതെ കേന്ദ്രനേതൃത്വം പ്രഖ്യാപിക്കും. മാനന്തവാടി സീറ്റ് ഘടകകക്ഷിക്ക് നല്‍കിയതാണ്. അവര്‍ നടത്തിയ ആശയവിനിമയത്തില്‍ പ്രശ്‌നം വന്നു എന്നാണ് മനസ്സിലാക്കുന്നത്. മറ്റൊരിടത്തും അത്തരം പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും എം.എസ്. കുമാര്‍ പറഞ്ഞു.