രോഹിത് വെമുലയുടെ മരണത്തിന് നാളെ ഒരാണ്ട്

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു തുടക്കമിട്ട ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് നാളേയ്ക്ക് ഒരു വര്‍ഷം തികയുന്നു. വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ചു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചുകൊന്ന മുഹമ്മദ് അലിലാഖിന്റെ ബന്ധുക്കളും ഗുജറാത്തിലെ ഉനയിലെ ദളിത് പ്രക്ഷോഭകരും പങ്കെടുക്കും.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അനുസ്മരണ പരിപാടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വാര്‍ഷികാചരണം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് സര്‍വ്വകലാശാല. നാളെ രോഹിത് രക്തസാക്ഷി ദിനമായി ആചരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് രോഹിതടക്കമുള്ള അഞ്ചു ദളിത് വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണ നടത്തിയ സര്‍വ്വകലാശാലയിലെ വെല്ലിവാഡയിലാണ് പ്രതിഷേധ പരിപാടി നടക്കുന്നത്.

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി റാലിയും പൊതുപരിപാടിയും നടക്കും. പൊതുപരിപാടിയില്‍ രോഹിതിന്റെ മാതാവ് രാധിക വെമുലയും അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും ഉനയിലെ ദളിത് പ്രക്ഷോഭകരും പങ്കെടുക്കും. ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിനു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച ദളിത് യുവാക്കളും പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. രോഹിത് വെമുലയുടെ നീതിക്കു വേണ്ടി സര്‍വ്വകലാശാലാ സംയുക്ത സമരസമിതി എന്ന സംഘടനയുടെ ബാനറിലാണ് പ്രതിഷേധ അനുസ്മരണ പരിപാടികള്‍ നടക്കുന്നത്.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എ.എസ്.എ) ഭാഗമായി ദളിത് പ്രശ്‌നങ്ങള്‍ ക്യാമ്പസില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് രോഹിതുള്‍പ്പെടെയുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് തുക നല്‍കുന്നത് 2015 ജൂലൈയില്‍ സര്‍വ്വകലാശാല അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പിന്നാലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാകൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടു നടത്തിയ അനുസ്മരണ പരിപാടി എ.ബി.വി.പി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും ചെയ്തു.

എ.ബി.വി.പി പ്രവര്‍ത്തകര്‍ രോഹിത് അടക്കമുള്ളവരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എ.എസ്.ഐ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ ആരോപണം ഉന്നയിച്ചു. സര്‍വ്വകലാശാലയില്‍ നിന്നു പുറത്താക്കാന്‍ ക്യാമ്പസിലെ എ.ബി.വി.പി നേതാക്കള്‍ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയക്കും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതി.

ഇതേത്തുടര്‍ന്ന് സെക്കന്തരാബാദ് എം.പി കൂടിയായ ബന്ദാരു ദത്താത്രേയ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദ്ദപ്രകാരം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാ റാവു രോഹിത് ഉള്‍പ്പെടെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുകയും ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രോഹിത് കഴിഞ്ഞ വര്‍ഷം ജനുവരി 17-ന് ക്യാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

രോഹിതിന്റെ ആത്മഹത്യ ഉയര്‍ത്തി ആദ്യ ഹൈദരാബാദിലെയും പിന്നീട് ജെ.എന്‍.യു ഡല്‍ഹി സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ ക്യാമ്പസുകളും വിദ്യാര്‍ത്ഥി പ്രക്ഷോഭം കൊണ്ടു മുഖരിതമായതോടെ പ്രതിക്കൂട്ടിലായ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം, രോഹിത് ദളിതനല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ആത്മഹത്യയില്‍ മാനവവിഭവശേഷി സ്മൃതി ഇറാനിക്കും ബന്ദാരു ദത്താത്രേയ്ക്കുമെതിരെ ആരോപണമുയര്‍ന്നു. തുടര്‍ന്ന് ദത്താത്രേയക്കും സര്‍വ്വകലാശാല വി.സി. അപ്പാറാവുവിനുമെതിരെ പൊലീസ് കേസെടുത്തു. വിഷയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏറെക്കുറേ ബഹളത്തില്‍ മുങ്ങാനുമിടയാക്കി.

ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദി സാഹിത്യകാരന്‍ അശോക് വാജ്‌പേയി തനിക്ക് ലഭിച്ച ഡി.ലിറ്റ് ബഹുമതി സര്‍വ്വകലാശാലയ്ക്കു തിരിച്ചു നല്‍കുന്നതായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ രാജ്യത്തെ അറിയപ്പെട്ട ശാസ്ത്ര, സാഹിത്യ, ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി ഐക്യദാര്‍ഢ്യവും അറിയിച്ചു.