മിഷേലിന്റെ മരണം ആത്മഹത്യയെന്ന് ആരുപറഞ്ഞു? ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി അമ്മ; എന്റെ പൊന്നുമോള്‍ക്ക് നീതി കിട്ടണം

കൊച്ചി കായലില്‍ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന് വാദിക്കുന്നവരോട് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി മിഷേലിന്റെ അമ്മ സൈലമ്മ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നു സൈലമ്മ ആവർത്തിച്ചത്.

മിഷേല്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നുവെന്നാണ് റിപ്പോർട്ട്. പക്ഷേ അവളെ പുറത്തെടുത്തപ്പോള്‍ ഒരു തുള്ളി വെള്ളം പോലും വയറിലുണ്ടായിരുന്നില്ലെന്നും കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നത് പോലെയാണ് തോന്നിയതെന്നും സൈലമ്മ പറഞ്ഞു. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഇതുതന്നെയാണ് അവളുടെ കൂട്ടുകാരികളും പറയുന്നത്. നല്ല മനോധൈര്യമുള്ള കൂട്ടത്തിലായിരുന്നു മിഷേൽ. കാണാതാവുന്നതിന് രണ്ടുദിവസം മുന്‍പ് അവള്‍ വിളിച്ചിരുന്നു. തന്നോട് എറണാകുളത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അന്ന് എന്റെ അപ്പച്ചൻ മരിച്ചതിന്റെ ഓർമചടങ്ങുകൾ നടക്കുകയായിരുന്നു. പിറ്റേന്ന് പോകാമെന്ന് കരുതി. അതോര്‍ക്കുമ്പോള്‍ ഇപ്പോൾ ഉള്ളിൽ നീറ്റലാണെന്നും അമ്മ പറയുന്നു.

വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ വൈകി. എട്ടുമണി വരെ മാത്രമേ ഹോസ്റ്റലിൽ മൊബൈൽ ഉപയോഗിക്കാൻ കഴിയൂ. അതുകൊണ്ടു അന്നുപിന്നെ വിളിച്ചില്ല. ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ നിന്നു ഫോൺ വന്നു,  മിഷേൽ എത്തിയില്ലെന്നു പറ‍ഞ്ഞ്. നേരേ എറണാകുളത്തേക്കു പോയി. പിന്നീട് സംഭവിച്ചതൊന്നും ഓർക്കാൻ വയ്യ. അത്രയ്ക്കും ക്രൂരമായിപ്പോയി ആരൊക്കെയോ ഞങ്ങളുടെ കുട്ടിയോട് ചെയ്തത് – ലൈസാമ്മ പറഞ്ഞു

ശരീരവും മനസ്സും എപ്പോഴും ശുദ്ധമായിരിക്കണമെന്ന് നിർബന്ധമുള്ള കുട്ടിയായിരുന്നു. ദിവസവും ഒരു മണിക്കൂർ എങ്കിലും ഡാൻസ് പ്രാക്ടീസ് ചെയ്യും. വ്യായാമത്തിനു കൂടി വേണ്ടിയാണ് ഇതെന്നു പറയാറുണ്ട്. അതുപോലെ രാത്രി എഴു മണിക്കുശേഷം ആഹാരം കഴിക്കില്ല. എത്ര ഇഷ്ടമുള്ള ആഹാരമാെണങ്കിലും ഒരുപരിധി വിട്ട് കഴിക്കാറേയില്ല – അമ്മ പറയുന്നു.

മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേയെന്നും സൈലമ്മ ചോദിക്കുന്നു. മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. കലൂര്‍ പള്ളിയിലേക്കു പോയ മിഷേലിനെ പിറ്റേദിവസം കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിലവിലെ നിഗമനം.