ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതി; അവന്‍ ജീവിച്ചിരിക്കുന്നു എന്നതാണ് എന്റെ വേദന: സൗമ്യയുടെ അമ്മ

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ നിറകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചത്. കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു

എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതി. ഗോവിന്ദ ചാമി ജീവിച്ചിരിക്കുന്നു എന്നതാണ് എന്റെ വേദന.

പിഴവ് വന്നു എന്ന് പറയാനാവില്ല. എല്ലാവരും എനിക്കൊപ്പം നിന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. നീതി കിട്ടാന്‍ ഇനിയും ഏതറ്റം വരെ പോകുമെന്നും അമ്മ സുമതി അറിയിച്ചു.

സര്‍ക്കാര്‍ തനിക്കൊപ്പം നിന്ന് ഒരുപാട് സഹായിച്ചു. ഇനിയും നീതികിട്ടാന്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു.

സൗമ്യയെ ഗോവിന്ദചാമി ബലാല്‍സംഗം ചെയ്തുവെന്ന് കോടതി തന്നെ സമ്മതിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തില്‍ നിന്നുമാത്രം അയാളെ എങ്ങനെ മാറ്റിനിര്‍ത്താനാകും എന്ന് തിരുത്തല്‍ ഹര്‍ജിയില്‍ സംസ്ഥാനം ആരാഞ്ഞിരുന്നു. കൊലക്കുറ്റം നിലനിര്‍ത്താന്‍ സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപ്പരിശോധനാ ഹര്‍ജികള്‍ തള്ളുന്നതിന് ആധാരമാക്കിയ നിഗമനങ്ങളില്‍ ഗുരുതര പിഴവുണ്ട്.

മുന്‍ വിധികള്‍ ഇല്ലാതെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കണം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിമര്‍ശിച്ചതും, കേസിലെ വസ്തുതകളും തമ്മില്‍ കൂട്ടിക്കുഴക്കരുത് എന്നും ഹര്‍ജിയില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാവുന്ന വിധി തിരുത്തേണ്ടത് അനിവാര്യമാണെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പുനഃപരിശോധന ഹര്‍ജിക്ക് അറ്റോര്‍ണി അഗീകാരം നല്‍കുകയായിരുന്നു.