അഴിമതി ആരോപണം: സി.ബി.എസ്.ഇ സെക്രട്ടറി ജോസഫ് ഇമ്മാനുവേലിന്റെ കസേര തെറിച്ചു

സെക്രട്ടറിയുടെ ചുമതല ചെയര്‍മാന്‍ ചതുര്‍വേദിക്ക്

ഡല്‍ഹി: നിരവധി അഴിമതി ആരോപണങ്ങള്‍ക്കിടെ സി.ബി.എസ്.ഇ സെക്രട്ടറിയായ കോട്ടയം, പാല സ്വദേശി ജോസഫ് ഇമ്മാനുവേലിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി.

സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നതുമായി ബന്ധിപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ജോസഫ് ഇമ്മാനുവേലിനെ പുറത്താക്കിയത്.

cbse-order

യ.പി.എ സര്‍ക്കാരിന്റെ കാലത്താണ് ജോസഫിനെ സി.ബി.എസ്.ഇയില്‍ നിയമിച്ചത്. 2003-ല്‍ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇദ്ദേഹം സര്‍ക്കാരിനെ സ്വാധീനിച്ചാണ് സെക്രട്ടറി സ്ഥാനത്തെത്തിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഗുരുതര പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയണമെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ അടുത്തിടെ അവധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് അവധിക്ക്‌ശേഷവും സര്‍വീസില്‍ തുടരാനെത്തി ജോസഫിനെ ഹരിയാനയില്‍ റീജിയണല്‍ അസി. ഡയറക്ടര്‍ സ്ഥാനത്തേക്ക് തരംതാഴ്ത്തിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

ചെന്നൈ ലെപ്രസി മിഷനിലെ സാധരണ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ജോസഫ് ഇമ്മനുവല്‍ സി.ബി.എസ്.ഇ ഡയറക്ടര്‍ സ്ഥാനത്ത് കയറിപ്പറ്റിയതിനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജോസഫിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ചും വിദേശ ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സി.വി.സിക്കും സി.ബി.ഐക്കും നിര്‍ദ്ദേശം നല്‍കിയാതായും സൂചനയുണ്ട്.

സി.ബി.എസ്.ഇ ചെയര്‍മാനും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആര്‍.കെ ചതുര്‍വേദിക്കാണ് നിലവില്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.