സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടി, തരൂരിനെ പരിഹസിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ പിന്തുണച്ച ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് വി. മുരളീധരന്‍ പറഞ്ഞു. ശശി തരൂരിന്റെ നിലപാട് കോണ്‍ഗ്രസ് തിരുത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

‘പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയിരിക്കുകയാണ്. തിരുവനന്തപുരം എം.പി ശശി തരൂര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ പിണറായി വിജയനെ പ്രശംസിക്കുന്നു. പിണറായി വിജയന്‍ ശശി തരൂരിനെ പ്രശംസിക്കുന്നു. പരസ്പരം പുകഴ്ത്തുന്നു.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് ഒപ്പമാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ശശി തരൂരിനോട് വിശദീകരണം ചോദിക്കുകയല്ല അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ നിലപാട് തിരുത്തുന്നില്ലെങ്കില്‍ തുടര്‍ന്ന് കോണ്‍ഗ്രസ് എന്തുചെയ്യും എന്ന് ജനങ്ങളോട് തുറന്നുപറയുകയുമാണ് വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.