സാന്ത്വനഗീതമായ്  സോലസ് ( സിന്ധു നായർ )

കേരളത്തിലെ വിവിധ ജില്ലകളിലായ്, മാരകമായ രോഗങ്ങൾക്കടിമപ്പെട്ട,  ആയിരകണക്കിന് കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും  സാന്ത്വനമേകുന്ന സോലസ് എന്ന ചാരിറ്റി സംഘടനയ്ക്കായുള്ള ധനശേഖരണപരിപാടി 2021 ഡിസംബർ നാലാം തീയതി, അമേരിക്കയിലെ ബോസ്റ്റണിൽ നടന്നു.  ഇരുപത്തിയേഴു വയസ്സുള്ള മകളെ കാൻസർ എന്ന മഹാരോഗത്തിന് വിട്ടു കൊടുക്കേണ്ടി വന്നപ്പോഴും, തന്നെ പോലെ വേദനയുടെ കടൽ താണ്ടുന്ന അനേകം കുടുംബങ്ങൾക്ക് തണലേകാൻ, ഷീബ  അമീർ എന്ന അമ്മയുടെ ഹൃദയത്തിൽ തെളിഞ്ഞ നന്മയുടെ കൈത്തിരി നിരവധി ഹൃദയങ്ങളിലേക്ക് കൈമാറി, ബോസ്റ്റൺ സോലസ് ചാപ്റ്റർ സംഘടിപ്പിച്ച ഈ പരിപാടിയിൽ വടക്കേ അമേരിക്കയിലെ കേരള അസ്സോസ്സിയേഷനുകളുടെ ഫെഡറേഷൻ ആയ ഫൊക്കാന (FOKANA), അശരണരായ ഒരുപാട് ജീവിതങ്ങൾക്ക് തണലേകുന്ന സുമനസ്സുകളുടെ സംഘടന ആയ കംപാഷനേറ്റ് ഹാർട്സ് നെറ്റ്‌വർക്ക് (CHN). ന്യൂ ഇംഗ്ലണ്ടിലെ മലയാളികളുടെ പ്രിയമിത്രങ്ങളായ ന്യൂ ഇംഗ്ലണ്ട് മലയാളി അസ്സോസ്സിയേഷൻ (NEMA) , കേരള അസ്സോസ്സിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് (KANE ),   കേരള അസ്സോസ്സിയേഷൻ ഓഫ് കണക്റ്റിക്കട്ട് (KACT), പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF ), കേരള വേൾഡ് മലയാളി കൗൺസിൽ (WMC), മലയാളി മോട്ടോർബൈക്കേഴ്സ് കൂട്ടായ്മ ആയ മല്ലു റൈഡേഴ്സ് എന്നിവരും പങ്കാളിത്തം വഹിച്ചു.  Solace ന്റെ സ്ഥാപക ശ്രീമതി ഷീബ അമീർ ചടങ്ങിൽ മുഖ്യഅതിഥി ആയിരുന്നു.

2007 ൽ ഷീബ അമീർ സ്ഥാപിച്ച സോലസ് ഇന്ന് കേരളമെമ്പാടും ഉള്ള മൂവായിരത്തിലേറെ കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആണ് സാന്ത്വനമാകുന്നത്.  കാൻസർ, തലസ്‌സീമിയ, ഓട്ടിസം, സെറിബ്രൽപാൾസി, മസ്‌കുലർ ഡിസ്ട്രോഫി, മാനസിക അസ്വസ്ഥതകൾ, കേൾവിക്കുറവ്, നെഫ്രോട്ടിക് സിൻഡ്രോം, ഹീമോഫീലിയ, അപസ്മാരം, ഹൃദയവൈകല്യങ്ങൾ എന്നിങ്ങനെ മാരകമായ അസുഖങ്ങളുടെ പ്രഹരമേൽക്കേണ്ടി വന്ന ഈ കുഞ്ഞുങ്ങളുടെ ചികിത്സാച്ചിലവും പാലിയേറ്റീവ് കെയറും പുനരധിവാസവും ജീവിതവഴിയിൽ ഒറ്റയ്ക്കായിപ്പോകുന്ന അമ്മമാർക്കായ് സ്ഥാപിക്കപ്പെട്ട  റെസ്‌പൈറ്റ് സെന്ററുകളും കുടുംബങ്ങളിലെ മറ്റു കുട്ടികളുടെ വിദ്യഭ്യാസച്ചിലവുകളും ഉൾപ്പടെ സോലസിന്റെ കർമ്മപഥത്തിൽ ചുമതലകൾ ഏറെയാണ്.

ഗീതാഞ്ജലിയിൽ പ്രതിപാദിച്ചിരിക്കുന്ന പോലെ അസ്തമനസൂര്യന്റെ ദൗത്യം നിർവ്വഹിക്കുവാൻ, തന്നാലാവും വിധം ശ്രമിക്കുന്ന ഒരു കൊച്ചു മൺചിരാത് മാത്രം ആണ് താൻ എന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവേ ശ്രീമതി ഷീബ അമീർ അഭിപ്രായപ്പെട്ടു . കാൻസർ എന്ന വ്യാധിയെ  സധൈര്യം നേരിട്ട് തോൽപ്പിച്ച അനിത വർഗീസ്, ഉഷാ  ശ്രീകാന്ത് എന്നിവർ അവർ നടന്നു തീർത്ത വഴികളിലെ പരീക്ഷണങ്ങൾ പങ്കുവെച്ചതും അവിസ്മരണീയമായ  അനുഭവമായിരുന്നു.  തീരാവേദനയുടെ നാളുകളിൽ ആശ്വാസം ആയി എത്തിയ സൗഹൃദത്തണലുകൾ,  എത്ര മാത്രം ഒരു വ്യക്തിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉള്ള പ്രചോദനമാകും എന്ന് എടുത്തു പറയുന്നതിനൊപ്പം സോലസ് എന്ന സംഘടന ഇത് പോലെ മഹാരോഗങ്ങൾക്ക് അടിമപെട്ടവരുടെ ജീവിതത്തിൽ എത്രയധികം പ്രാധാന്യം അർഹിക്കുന്നു എന്ന് ചൂണ്ടികാണിക്കുവാനും, സ്വന്തം ജീവിതങ്ങളെ മുൻനിർത്തി അവർ നടത്തിയ പ്രസംഗത്തിന് കഴിഞ്ഞു.

ഗായകനും നവാഗതസംവിധായകനും ആയ രതീഷ് ശേഖറിന്റെ ഗാനങ്ങൾ, മകൻ വൈഷ്ണവ് പിയാനോയിൽ തീർത്ത സംഗീതവിസ്മയത്തിനൊപ്പം  ചുവട് വെച്ച ഗായത്രി തമ്പാട്ടി അവതരിപ്പിച്ച നൃത്തം എന്നിവയടക്കം, ന്യൂ ഇംഗ്ളണ്ടിലെ വിവിധ കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികൾ  മാറ്റു കൂട്ടിയ  ഈ ധനസമാഹരണ ചടങ്ങ് ആഷ്‌ലാൻഡ് VFW ഹാളിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഏകദേശം മുന്നൂറോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ, മനീഷ് കുറുപ്പിന്റെ നേതൃത്വത്തിൽ, ട്രബിൾ ക്ലെഫ് എന്ന കൊച്ചു സംഗീതജ്ഞരുടെ ട്രൂപ്പ്, വാദ്യോപകരണങ്ങളിലൂടെ മാന്ത്രികത തീർത്തും, ഹൃദയഹാരിയായ ഗാനങ്ങൾ ആലപിച്ചും  പ്രേക്ഷകരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

പ്രതിമാസം ഏകദേശം മുപ്പത് ലക്ഷം രൂപ ചിലവ് വരുന്ന സോലസിന്റെ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുക എന്ന പ്രധാന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ,  60, 000 ഡോളർ (ഏകദേശം 46 ലക്ഷം രൂപ) സ്വരൂപിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അതിനായ് അശ്രാന്ത പരിശ്രമം നടത്തിയ  സോലസ് ബോസ്റ്റണിലെ പോൾ  ഇഗ്‌നേഷ്യസ്, ധീരജ് പ്രസാദ്, സന്തോഷ് നായർ, രേവതി പിള്ള, ശ്രീവിദ്യ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകിയ സംഘം.  സോലസ് എന്ന സാന്ത്വനഗീതത്തിന് ഈണം പകരാൻ ശ്രമിക്കുന്ന, ഒരുപാട് നല്ല മനസ്സുകളുടെ ഉദാരമായ സംഭാവനയ്ക്ക് നന്ദിയും സ്നേഹവും വാക്കുകളിലൂടെ  പങ്കു വെച്ച ഇവരെക്കൂടാതെ  ഈ മഹത്തായ പ്രയത്നത്തിനു ഭാഗഭാക്കായ വിവിധ അസ്സോസ്സിയേഷനുകളുടെയും കൂട്ടായ്മകളുടെയും  പ്രതിനിധികളും ചടങ്ങിൽ സംസാരിക്കുകയുണ്ടായി.

ബോസ്റ്റണിന് അഭിമാനിക്കാം, സോലസ് എന്ന സാന്ത്വനച്ചിറകിലെ ഒരു തൂവലെങ്കിലും ആകാൻ കഴിഞ്ഞതിന്