‘ഹൃദയം’ റിലീസ് മാറ്റില്ല; നാളെ തീയേറ്ററില്‍ കാണാമെന്ന് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിന്റെ റിലീസിങ് മാറ്റമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ശേഷം ‘ഹൃദയം’ റിലീസ് മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അറിയിപ്പ്.

‘തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണ് ഹൃദയം റിലീസിങ് തീയ്യതി. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരണം’ എന്നും വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചു.

പ്രണവിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ഹൃദയത്തിലെ പ്രധാന താരങ്ങള്‍. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ യുവ ഗായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണിത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഹൃദയം.