SHOCKING NEWS: ബില്‍ അടയ്ക്കാന്‍ പണമില്ല; രോഗി ആശുപത്രിയില്‍ തടങ്കലില്‍

മാതൃഭൂമി മുതലാളിമാരുടെ ആശുപത്രിയിൽ കൂലി പണിക്കാരനായ രോഗിക്ക് തടങ്കൽ

-പി.ബി. കുമാര്‍-

ആശുപത്രി ബില്‍ അടയ്ക്കാത്തതിന്‍െറ പേരില്‍ നിര്‍ദ്ധനനായ രോഗിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി മനുഷ്യവകാശ കമ്മീഷനില്‍ പരാതി. മാതൃഭൂമി ദിനപ്പത്രത്തിന്‍െറ ഉടമകളായ പി.വി. ചന്ദ്രന്‍െറയും പി.വി. ഗംഗാധരന്‍െറയും ഉടമസ്ഥതയിലുള്ള കൊച്ചിയിലെ പി.വി.എസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. രണ്ടരലക്ഷം രൂപ ബില്‍ അടയ്ക്കാത്തതിന്‍െറ പേരിലാണ്  രോഗം ഭേദമായെങ്കിലും കഴിഞ്ഞ ഒന്നരമാസമായി ആശുപത്രിയില്‍ തടങ്കലിലാക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരനായ അബൂബക്കര്‍ എന്ന വ്യക്തിക്കാണ് ഈ ദുര്‍ഗ്ഗതി.

മലപ്പുറം ചങ്ങരംകുളം ആലക്കോട് സ്വദേശി അബൂബേക്കറിനെയാണ് കഴിഞ്ഞ ഡിസംബർ എട്ടു മുതൽ സെക്യൂരിറ്റി ജീവനക്കാരന്റെ കാവലിൽ തടങ്കലിൽ ഇട്ടിരിക്കുന്നത്. ആശുപത്രി വിടണമെങ്കിൽ രണ്ടര ലക്ഷം അടക്കണം എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. അബൂബേക്കറിന്റെ കൈയിൽ രണ്ടര രൂപ പോലുമില്ല. നാട്ടുകാരുടെ കരുണയിലാണ് ഈ ആശുപത്രിയില്‍ അയാള്‍ എത്തപ്പെട്ടത്.

അബൂബേക്കർ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചെല്ലുന്നിടത്തുപോലും സെക്യൂരിറ്റിയുടെ കാവലിലാണ്. ഇയാളുടെ അവസ്ഥ അറിയുന്ന ആരെങ്കിലും വാങ്ങി നൽകുന്ന ഭക്ഷണമാണ് ഏക ആശ്രയം.

പാൻക്രിയാസിലെ രക്തസ്രാവം കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ. രോഗം ഭേദമാകാതെ വന്നപ്പോൾ നാട്ടുകാരാണ് കൊച്ചിയിലെ പി.വി.എസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ അബൂബക്കറിന് ബോധമില്ലായിരുന്നു. ഇതിനിടയിൽ വൃക്കകൾക്കും അസുഖമായി. ഒരു മാസത്തിലേറെ നീണ്ട ചികിത്സയിൽ രോഗം ഭേദമായി . ഡിസംബർ 8 ന് വിടുതൽ ചെയ്യാൻ നിർദ്ദേശിച്ചു. ഒന്നേ മുക്കാൽ ലക്ഷമായിരുന്നു അപ്പോഴത്തെ ബിൽ.

45കാരനായ അബുബേക്കറിന് വീടും കുടുംബവുമില്ല. നാട്ടുകാര്‍ പിരിവെടുത്താണ് അബൂബക്കറിനെ ചികിത്സിച്ചത്. അബൂബേക്കറിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ നാട്ടുകാർ 52000 രൂപ പിരിവെടുത്തു. അതുമായി ചൊവ്വാഴ്ച ആശുപത്രിയിലെത്തിയപ്പോൾ ഇതുവരെയുള്ള ചെലവുകൾ ചേർത്ത് രണ്ടര ലക്ഷം രൂപ ബിൽ കൊടുത്തു. ഇളവ് എന്ന നിലയിൽ ഒന്നേ മുക്കാൽ ലക്ഷം നൽകിയാൽ മതിയെന്നും പറഞ്ഞു . അത് നാട്ടുകാർക്ക് ആലോചിക്കാൻ കഴിയുന്ന കാര്യമല്ല.

ഭാര്യയുമായി അബൂബക്കർ തെറ്റി പിരിഞ്ഞു താമസിക്കുകയാണ്. കുറെ കാലം ഗൾഫിൽ ജോലി ചെയ്തെങ്കിലും ഒരു സമ്പാദ്യവുമില്ല. ഇപ്പോഴും അബൂബക്കര്‍ ആശുപത്രിയിൽ തടവിലാണെന്നനാണ് മനുഷ്യവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍, ചികിത്സ കഴിഞ്ഞിട്ടും ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്താതതാണ് ഇയാളെ ആശുപത്രിയില്‍ തന്നെ താമസിപ്പിച്ചിരിക്കുന്നതെന്ന്  ആശുപത്രി അധികൃതര്‍ പറഞ്ഞു.