സ്‌റ്റെന്റിന്റെ പേരില്‍ ആശുപത്രി മുതലാളിമാരുടെ തീവെട്ടിക്കൊള്ള

ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റുകള്‍ക്ക് ഈടാക്കുന്നത് മൂന്നിരട്ടിവരെ വില.

ചോദിക്കാനും പറയാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നുമില്ല

ആശുപത്രികള്‍ മിക്കതും മത സാമുദായിക സംഘടനകളുടേത്, അതുകൊണ്ട് നടപടിയുമില്ല

-എസ്. ശ്രീജിത്ത്-

ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ക്ക് ആശുപത്രികള്‍ ഈടാക്കുന്നത് 2 മുതല്‍ 3 ഇരട്ടി വരെ വിലയാണെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പല ആശുപത്രികളിലും സ്റ്റെന്റുകളുടെ വില വ്യത്യാസം 65 ശതമാനം വരെ കൂടുതലാണ്. ചിലയിടങ്ങളില്‍ അത് 100 ശതമാനം കടന്നിട്ടുണ്ട്.

നിര്‍മ്മാതാക്കളും ഇടനിലക്കാരും സ്റ്റെന്റുകളുടെ വിപണനം ആശുപത്രികള്‍ വഴി മാത്രമാണ് നടത്തുന്നത്. പൊതുവിപണിയില്‍ ഇവ എത്താറില്ല. ഇതാണ് ആശുപത്രിക്കാരുടെ ചൂഷണത്തിന് കാരണം. 15000 രൂപ മുതല്‍ 25000 രൂപ വരെ വിലയുള്ള സ്റ്റെന്റുകള്‍ രോഗികള്‍ക്ക് നല്‍കുന്നത് 1,25,000 രൂപ വരെ ഈടാക്കിയാണ്. പുറത്തു നിന്നോ വിതരണക്കാരില്‍ നിന്നോ നേരിട്ടു വാങ്ങിയ സ്റ്റെന്റുകള്‍ ഒരു ആശുപത്രികളിലും ഉപയോഗിക്കാറില്ല. ആശുപത്രിയില്‍ നിന്നു തന്നെ വാങ്ങണമെന്നാണ് മാനേജ്മെന്റുകളുടെ നിയമം. എന്നാല്‍ മാത്രമേ ഇത്രയും ഭീമമായ തുക രോഗികളില്‍ നിന്നും അടിച്ചെടുക്കാന്‍ അവസരമുള്ളൂ. സ്റ്റെന്റുകളുടെ വില നിയന്ത്രണത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത് നിര്‍മ്മിക്കുന്ന കമ്പനികളോ വിതരണക്കാരോ അല്ല. ആശുപത്രി മാനേജ്മെന്റുകളും ചില ഡോക്ടര്‍മാരുമാണ്. അവരുടെ ഭീമമായ കമ്മീഷന്‍ നഷ്ടമാകുമെന്ന പേടിയാണ് ഇതിന് പിന്നില്‍.

ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്യുമ്പോഴാണ് സ്റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം നടക്കുന്ന ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയുടെ എണ്ണം പതിനായിരമോ അതിലധികമോ ആണ്. അപ്പോള്‍ എത്ര കോടികളാണ് ആശുപത്രി മാനേജ്മെന്റിന് ലഭിക്കുന്നു എന്നത് കണക്കുകൂട്ടി നോക്കുക. സ്റ്റെന്റ് നിര്‍മ്മാതാക്കള്‍ എന്‍.പി.പി.എയ്ക്ക് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചാല്‍ ആശുപത്രികളുടെ മാര്‍ജിന്‍ 270 ശതമാനം മുതല്‍ 1000 ശതമാനം വരെയാണ്.