സി.പി.എം വനിതാ പഞ്ചായത്ത് പ്രസിഡന്റ് യൂത്ത് കോണ്‍. നേതാവിനെ ചെരുപ്പൂരി അടിച്ചു

 തിരുവനന്തപുരം: സി.പി.എമ്മിന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചെരുപ്പൂരി അടിച്ചതായി പരാതി. കൊല്ലം ജില്ലയിലെ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. അഞ്ചല്‍ പഞ്ചായത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഒരു പോസറ്റ് സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നാണ് നില്‍ക്കുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഏറം റെജി രംഗത്തെത്തി. ഇതേ ചൊല്ലി പ്രസിഡന്റുമായി വാക്കുതര്‍ക്കവും ഉണ്ടായി. തുടര്‍ന്ന് പ്രസിഡന്റ്‌ സുജാ ചന്ദ്രബാബു പൊലീസില്‍ പരാതി നല്‍കി.

ബുധനാഴ്ച രാവിലെ പ്രസിഡന്റിനെയും റെജിയെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. പ്രശ്‌നങ്ങള്‍ സംസാരിക്കുന്നതിനിടെ രണ്ട് പേരുടെയും പാര്‍ട്ടിപ്രവര്‍ത്തകരുമെത്തി. അവര്‍ തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായി. ഇതോടെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരും പ്രസിഡന്റും റെജിയും പുറത്തേക്കിറങ്ങി. ഇതിനിടെ പ്രസിഡന്റ് തന്നെ ചെരുപ്പൂരി അടിച്ചെന്നാണ് റെജിയുടെ പരാതി. എന്നാല്‍ ഇങ്ങിനെയൊരു സംഭവം നടന്നത് തങ്ങള്‍ കണ്ടില്ലെന്ന് പൊലീസുകാര്‍ വ്യക്തമാക്കി. എന്തായാലും സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് തടിയൂരി.