പാമ്പാടി നെഹ്‌റു കോളജ് വിവാദം – മൃതദേഹം പരിശോധിക്കുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് പോലീസ്

വടക്കാഞ്ചേരി : പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍്ത്ഥി ജിഷ്ണു പ്രണോയിയുടെ മൃതദേഹം വീണ്ടും പരിശോധിക്കുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് പോലീസ് കടന്നേക്കും. ജിഷ്ണവുിന്റെ ബന്ധുക്കള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതായാണ് സൂചന. എങ്കിലും കോടതിയുടെ അനുമതിയോടെ മൃതദേഹ പരിശോധന സാധ്യമാകൂ. ഇക്കാര്യത്തില്‍ നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ് പോലീസ്.

അതിനിടെ എ.എസ്.പി കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെയും വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്തു. കോളേജുമായി ബന്ധപ്പെട്ട് ചില വിശദാംശങ്ങള്‍ നല്‍കാന്‍ ജിഷ്ണുവിന്റെ സഹപാഠികളടക്കം നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തു. എ.ഡി.ജി.പി സുധേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം കോളേജിലെത്തി നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ്ണു കോപ്പയടിച്ചതിന് തെളിവില്ലെന്ന് വ്യക്തമാക്കിയത് കേസില്‍ വഴിത്തിരിവായിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് പി.ജി. വിദ്യാര്‍ത്ഥികളാണെന്നും അതില്‍ അപാകതകളുണ്ടെന്നുമുള്ള മാതാപിതാക്കളുടെ പരാതിയും ആത്മഹത്യ കോളേജ് അധികൃതരുടെ പീഡനം മൂലമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യകുറിപ്പും പോലീസ് കര്‍ശനമായി പരിശോധിച്ചു വരികയാണ്. എ.എസ്.പി കിരണ്‍ നാരായണിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലമായ അന്വേഷണം നടക്കുന്നുണ്ടെങ്കിലും എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ സ്ഥലംമാറ്റം ജിഷ്ണുവിന്റെ കുടുംബത്തിനും സഹപാഠികള്‍ക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.