വടകരയിലെത്തിയിട്ടും ജിഷ്ണുവിന്റെ കുടുംബത്തെ അവഗണിച്ച് പിണറായി

മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രദേശിക സഖാക്കള്‍ക്കും പ്രതിഷേധം

സ്വാശ്രയ മാഫിയയുടെ ക്രൂരതയ്ക്ക് മുന്നില്‍ മിടുക്കനായ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവന്‍ ബലി നല്‍കിയിട്ട് ഒരു മാസം തിരയാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വടകരയിലെത്തിയിട്ടും ആ കുടുംബത്തെ തിരിഞ്ഞുനോക്കാന്‍ തയാറായില്ല.

ശനിയാഴ്ചയാണ് പിണറായി വിജയന്‍ വടകരയിലെത്തിയത്. പാര്‍ട്ടി ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് സഹയാത്രികരായ ജിഷ്ണുവിന്റെ കുടുംബവും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു. പിണറായിയുടെ കടുത്ത ആരാധകനായിരുന്ന ജിഷ്ണുവിനെ ഓര്‍ത്തെങ്കിലും മുഖ്യമന്ത്രി വരുമെന്നായിരുന്നു മാതാപിതാക്കളുടെ ധാരണ. മുഖ്യമന്ത്രി വരാതിക്കില്ലെന്ന് നാട്ടിലെ പ്രാദേശിക നേതാക്കളും വാക്ക് നല്‍കി.

എന്നാല്‍ വടകരയിലും പരിസരത്തും ഒട്ടേറെ സ്വകാര്യ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്താന്‍ മാത്രം സമയം കണ്ടെത്തിയില്ല. മുപ്പത് ദിവസം കഴിഞ്ഞിട്ടും മകനില്ലാത്തതിന്റെ കണ്ണീരടങ്ങാത്ത ആ കുടുംബത്തിന് മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയണമെന്നുണ്ട്. മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ക്ക് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട് മകന്റെ ഘാതകരെ കണ്ടെത്തണമെന്ന് അപേക്ഷിക്കാനുമാകുന്നില്ല.

നിരവധി തവണ സുഹൃത്തുക്കള്‍ മുഖേന മുഖ്യമന്ത്രിക്ക് കത്തുകള്‍ കൊടുത്തയച്ചു. അവസാനമായി മകന്റെ കൊലപാതകികള്‍ക്ക് കൂട്ടുനിന്ന് തെളിവുകള്‍ നശിപ്പിക്കുന്ന ആനക്കര സി.ഐ വിജയനെ അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാവ് മുഖ്യമന്ത്രിക്കെഴുതി. ഒന്നിനും ഒരു മറുപടിയും ലഭിച്ചില്ല. മരണത്തിന് കാരണക്കാരായവരും സി.ഐ ഉള്‍പ്പെടെയുള്ള പോലീസുകാരും ജീഷ്ണുവിന്റെ കൂട്ടുകാരെ ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണെന്നും ഭീതിയോടെ ആ അമ്മ പിണറായിയെ അറിയിച്ചു. തന്റെ മകന്റെ സഹപാഠികളെങ്കിലും രക്ഷപ്പെടണമെന്ന അമ്മയുടെ രോദനം ചെവിക്കൊള്ളാനുള്ള മനുഷ്യത്വമെങ്കിലും ഭരണകൂടത്തില്‍ നിന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു.
തിരുവനന്തപുരത്തു നിന്നും ആശ്വസിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാണിച്ച സൗമനസ്യമെങ്കിലും ഈ കമ്മ്യൂണിസ്റ്റ് കുടുംബം മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസുകാരിയല്ലാത്ത തന്നെ, ദിവസവും ഫോണില്‍ വിളിച്ചു ആശ്വസിപ്പിക്കുന്ന, രണ്ട് തവണ വീട്ടിലെത്തിയ കെ.പി.സിസിയുടെ പ്രസിഡന്റ് വി.എം. സുധീരന്റെ കാരുണ്യമെങ്കിലും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്‍ നിന്നും അവര്‍ കാംക്ഷിക്കുന്നു.