കോടതികളില്‍ വ്യാജവക്കീലന്‍മാര്‍ അരങ്ങുവാഴുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനവും വ്യാജന്‍മാരാണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്രയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിറിന്റെ സാനിധ്യത്തില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ അഭിഭാഷകരായി കോടതികളിലെത്തുന്ന വലിയൊരു വിഭാഗവും ശരിയായ യോഗ്യതയില്ലാത്തവരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ബാര്‍ കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാത്തവരുമുണ്ടെന്നും മനന്‍കുമാര്‍ മിശ്ര പറഞ്ഞു.

2012ലെ ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുള്ളത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധന ആരംഭിച്ചതിനു ശേഷം 6.5 ലക്ഷം പേരെ മാത്രമേ യോഗ്യതയുള്ളവരായി കണ്ടെത്തിയിട്ടുള്ളൂ. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇങ്ങനെയുള്ളവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമാണ് ബാര്‍ കൗണ്‍സില്‍ ആലോചിക്കുന്നത്. അതോടെ അഭിഭാഷകരുടെ എണ്ണത്തില്‍ 45 ശതമാനത്തോളം കുറവു വരുമെന്നാണ് കണക്കാക്കുന്നതെന്നും മനന്‍കുമാര്‍ മിശ്ര വ്യക്തമാക്കി.