മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ സുവിശേഷം ഇനി മണിചെയിന്‍ കമ്പനി വഴി

മണിചെയിന്‍ തട്ടിപ്പ് കമ്പനികള്‍ സഭയെക്കൂട്ടുപിടിച്ച് കച്ചവടത്തിനിറങ്ങുന്നു , പോലീസിന്‍െറ കടുത്ത നിയന്ത്രണങ്ങള്‍ മറികടക്കാനാണ് സഭകളെക്കൂട്ടുപിടിക്കുന്നതെന്ന് അറിയുന്നു

സഭയിലെ ചില വൈദികരും അവരുടെ ഭാര്യമാരും ഈ കമ്പനിയുടെ മണിചെയിന്‍ ഗ്രൂപ്പില്‍ പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

സഭയുടെ ഉന്നതവൃത്തങ്ങള്‍ അറിഞ്ഞുതന്നെയാണോ കച്ചവടമെന്ന് വിശ്വാസികളുടെ ചോദ്യം

 -നിയാസ് കരീം-

സംസ്ഥാനത്ത് നിരോധിക്കപ്പെട്ട മണിചെയിന്‍-മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ക്രൈസ്തവ സഭകളുടെ യുവജന സംഘടനകളെ ഉപയോഗിച്ച് കച്ചവടം പൊടിപൊടിക്കാന്‍ തയ്യാറെടുക്കുന്നു. മലങ്കര മാര്‍ത്തോമ്മാ സഭയുടെ യുവജന വിഭാഗമായ യുവജന സഖ്യവുമായി കൂട്ടുചേര്‍ന്ന് വ്യാപകമായ തോതില്‍ കച്ചവടം പിടിക്കാന്‍ ഡി.എക്‌സ്.എന്‍ ഹെല്‍ത്ത് വെല്‍ത്ത് എന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനി രംഗത്തിറങ്ങിക്കഴിഞ്ഞു.

‘ലോകത്ത് 185 ല്‍ പരം രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ളതും കഴിഞ്ഞ 24 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഉള്ളതുമായ ഡി.എക്‌സ്.എന്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ നിരവധി അന്താരാഷ്ട അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ആരോഗ്യ ഉത്പന്നങ്ങളെക്കുറിച്ചും അതിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ചും ഉള്ള ഒരു സെമിനാര്‍ 21-2-2017 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ നാല് മണിവരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ വെച്ച് നടത്തുന്നു. ലോക പ്രശസ്ത ആരോഗ്യ പ്രഭാഷകനും ഡി.എക്‌സ്.എന്‍ ഇന്റര്‍നാഷണലിന്റെ യൂറോപ്പിലെ ഓഫീഷ്യല്‍ ട്രെയിനറും ആയ ഡോ. രാജേഷ് എസ്. സവേര നയിക്കുന്ന ഈ സെമിനാറില്‍ റവ. ഫാ. ബേബിജോണ്‍ (സെക്രട്ടറി, മാര്‍ത്തോമാ യുവജന സഖ്യം) അധ്യക്ഷത വഹിക്കുന്നു. ഡി.എക്‌സ്.എന്‍ കേരള സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കെ.പി. രാഹുല്‍ മറ്റ് ഡി.എക്‌സ്.എല്‍ ലീഡേഴ്‌സും പങ്കെടുക്കുന്നു’ എന്നാണ് ഡി.എക്‌സ്.എന്‍ പുറത്തിറക്കിയിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

img-20170204-wa0000

മണി ചെയിന്‍- മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ സംസ്ഥാനത്ത് വ്യാപകമായ തോതില്‍ തട്ടിപ്പ് നടത്തിയതിന്റെ വെളിച്ചത്തില്‍ പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംവേ ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ വരെ അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. പോലീസിന്റെയും നികുതി വകുപ്പിന്റെയും കടുത്ത നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന്റെ ഭാഗമായാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ സമുദായ സംഘടനകളുടെ സഹായം തേടി പുതിയ വിപണന തന്ത്രങ്ങള്‍ ഒരുക്കുന്നത്. ആംവേ പോലുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് ഡി.എക്‌സ്.എന്‍ ഹെല്‍ത്ത് വെല്‍ത്ത് കമ്പനി.

സഭയുടെ അറിവോടെയാണോ യുവജന സഖ്യം ഇത്തരമൊരു മണിചെയിന്‍ കമ്പനിയുമായി കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നതെന്ന സംശയം സജീവമാണ്. സഭയിലെ ചില വൈദികരും അവരുടെ ഭാര്യമാരും ഈ കമ്പനിയുടെ മണിചെയിന്‍ ഗ്രൂപ്പില്‍ പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാമെന്നാണ് വൈദികര്‍ രഹസ്യമായി നല്‍കിയിരിക്കുന്ന വാഗ്ദാനം. ലൈംഗിക ഉത്തേജക മരുന്നുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുകള്‍, എനര്‍ജി ഡ്രിംഗ്‌സ്, ജ്യൂസുകള്‍ ഇതൊക്കെയാണ് ഈ കമ്പനി മണിചെയിന്‍ പദ്ധതിയിലൂടെ വിറ്റഴിക്കുന്നത്. ഇത്തരമൊരു വില്‍പ്പനയ്ക്കാണ് സഭയുടെ കീഴിലുള്ള ആത്മീയ സംഘടനയെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനി കൈയിലെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സഭയുടെ ഔദ്യോഗിക ക്യാമ്പ് സെന്ററില്‍ വെച്ച് സെമിനാര്‍ നടത്തുകയും അതില്‍ അധ്യക്ഷത വഹിക്കുന്നത് യുവജന സഖ്യത്തിന്റെ ഭാരവാഹിയായ റവ. ബേബിജോണ്‍ എന്നത് സംശയത്തിന് ഇട നല്‍കുന്നു.

ഈ ഇടപാടിന്റെ പിന്നില്‍ സഭയിലെ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും ലക്ഷങ്ങളുടെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്.
അതേസമയം, അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്റര്‍ ഒരു ക്യാമ്പ് സെന്റര്‍ മാത്രമാണെന്നും പല സംഘടനകള്‍ക്കും പൊതുപരിപാടികള്‍ നടത്താന്‍ വാടകയ്ക്ക് നല്‍കപ്പെടുന്നതുമാണ്. ഈ പ്രോഗ്രാമുമായി സഭയ്‌ക്കോ തനിക്കോ യാതൊരു പങ്കുമില്ലെന്നും ഈ പരിപാടിയില്‍ നിന്ന് താന്‍ ഒഴിയുകയാണെന്നും റവ. ഫാദര്‍ ബേബി ജോണ്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. മാര്‍ത്തോമ്മാ സഭയ്ക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.