സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിജിലന്‍സ് കോടതി

അഴിമതിക്കാരായ ടോംജോസിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തിനെന്നും കോടതി 

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. ടോം ജോസ് ഐ.എ.എസിനെതിരായ കേസിലാണ് സര്‍ക്കാരിനെ കോടതി രൂക്ഷമായിവിമര്‍ശിച്ചത്. അഴിമതി നടത്തിയതിനും അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിന് തെളിവുണ്ടായിട്ടും സര്‍ക്കാര്‍ എന്തിനാണ് ഈ ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്ന് കോടതി ചോദിച്ചു. രൂക്ഷമായി വിമര്‍ശിച്ചാല്‍ മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വിജിലന്‍സിനെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. കേസുകളില്‍ പലതും വൈകിപ്പിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജികളില്‍ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വിജിലന്‍സ് ഹാജരാക്കിയ ഫയലുകള്‍ പ്രധാനമായും ടോം ജോസിനെതിരെയായിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് 2.40 കോടിയുടെ അഴിമതി കണ്ടെത്തിയത്. ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച 10 കത്തുകളും വിജിലന്‍സ് ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് അടുത്തമാസം ഏഴിന് പരിഗണിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം. എബ്രഹാം, ടോം ജോസ്, എ.ഡി.ജി.പി ശ്രീലേഖ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരായ ഫയല്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പൂഴ്ത്തിയെന്നാരോപിച്ചാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.