ജേക്കബ് തോമസ് അഴിമതി കുരുക്കില്‍

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചെളിവാരിയെറിയല്‍ തുടരുന്നു

ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേറ്റു

എബ്രഹാം പകപോക്കുന്നുവെന്ന് പരാതിയുമായി ജേക്കബ് തോമസ്

ഒടുവില്‍ പവനായി ശവമാകുമോ?

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

തുറമുഖ വകുപ്പില്‍ നടന്ന മണ്ണുമാന്തി കപ്പല്‍ ഇടപാടിലൂടെ സര്‍ക്കാരിന് 10 കോടി രൂപയുടെ നഷ്ടം വരുത്തിയ മുന്‍ തുറമുഖ വകുപ്പ് ഡയറക്ടറും, ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ണുമാന്തി കപ്പല്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇടപാടിന് ചുക്കാന്‍പിടിച്ച ഇടനിലക്കാരനെക്കുറിച്ചും കെ.എം. എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

140ലേറെ പേജുകള്‍ വരുന്ന ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ അഴിമതി വിരുദ്ധ മുഖച്ഛായ സൃഷ്ടിക്കുകയല്ല അഴിമതി ഉന്‍മൂലനം ചെയ്യലാണ് വേണ്ടതെന്നും പറയുന്നു. തെളിവുകളുടെ ശക്തമായ പിന്‍ബലം ഈ റിപ്പോര്‍ട്ടിനുണ്ട്. കോടികളുടെ ഇടപാടിനെക്കുറിച്ച് പ്രത്യേകസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകുമെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ഹോളണ്ടില്‍ നിന്ന് മണ്ണുമാന്തി കപ്പല്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കെ.എം. എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അറ്റകുറ്റപ്പണികള്‍ കുറവായ കപ്പലാണെന്ന് പറഞ്ഞ് കൂടിയ നിരക്കില്‍ വിദേശ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുകയായിരുന്നു. കപ്പല്‍ നല്‍കിയതിനുശേഷം കമ്പനി പിന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയതും ഇല്ല. രണ്ടുവര്‍ഷം മുമ്പാണ് ഇടപാട് ഉറപ്പിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞ് മണ്ണുമാന്തി കപ്പല്‍ കേടായപ്പോള്‍ തുറമുഖ വകുപ്പ് ഇവരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല.

എന്നാല്‍ കരാര്‍ നല്‍കിയ ഇന്ത്യന്‍ കമ്പനിയായ ബെല്‍ വെല്‍, കുറഞ്ഞ നിരക്കില്‍ കപ്പല്‍ നല്‍കാമെന്നും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുറയ്ക്കാമെന്നും അറിയിച്ചെങ്കിലും അത് പരിഗണിച്ചില്ല. കപ്പല്‍ വാങ്ങുന്നതിന് ഇടനില നിന്ന വ്യക്തിക്ക് ജേക്കബ് തോമസ് അയച്ച ഇ മെയില്‍ സന്ദേശങ്ങള്‍ കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ധനകാര്യ വകുപ്പ് അന്വേഷണം നടത്തുന്നതില്‍ ജേക്കബ് തോമസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹം സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ഒന്നുകൂടെ വ്യക്തമായത്. തനിക്കെതിരെ ധനകാര്യ വകുപ്പ് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു എന്ന് കാണിച്ച് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

പരാതി ലഭിച്ചാലുടന്‍ എല്ലാവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന ജേക്കബ് തോമസ്, തന്റെ കാര്യത്തില്‍ മാത്രം അന്വേഷണം പാടില്ലെന്ന നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് ബഹുഭൂരിപക്ഷം ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഏതായാലും അഴിമതിവിരുദ്ധ പ്രതിച്ഛായയുമായി വന്ന ജേക്കബ് തോമസ് ഇതിനോടകം തന്നെ പല അഴിമതി ആരോപണങ്ങളുടെയും കുരുക്കില്‍ ആണ്.

കര്‍ണ്ണാടകത്തിലെ കുടകില്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി 150 ഏക്കര്‍ വനഭൂമി കൈയേറിയ സംഭവത്തില്‍ കര്‍ണ്ണാടക വനംവകുപ്പ് കേസെടുത്തിരുന്നു.
ജേക്കബ് തോമസിനെതിരെ എബ്രഹാമിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന് കാത്തിരിക്കുകയാണ്.