ലക്ഷ്മി നായരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അനുകൂലമാക്കി ബി.ജെ.പി

ലക്ഷ്മി നായരെ സംരക്ഷിക്കുന്നതില്‍ അണികള്‍ക്ക് അതൃപ്തി

 

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരത്തിന് നേരെ കണ്ണടയ്ക്കുന്ന സര്‍ക്കാരിന്റെ നിലപാട് സി.പി.എം അണികളെ അസ്വസ്ഥരാക്കുന്നു.

അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ശക്തമായി ഉന്നയിച്ചിട്ടും സര്‍ക്കാരോ സി.പി.എമ്മിലെ പ്രമുഖ നേതാക്കളോ സമരത്തിന് അനുകൂലമായി ഇടപെടാത്തതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും കൈരളി ചാനല്‍ എം.ഡിയുമായ ജോണ്‍ബ്രിട്ടാസിന്റെ അക്കാദമി പഠനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും സമരത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കൈരളി ചാനല്‍ മുക്കിയതും സി.പി.എമ്മാണ് ലക്ഷ്മി നായരെ സംരക്ഷിക്കുന്നതെന്ന സന്ദേശം നല്‍കുന്നതാണ്. സമരത്തോട് മുഖം തിരിച്ച എസ്.എഫ്.ഐ പിന്നീടൊരുഘട്ടത്തില്‍ ആക്രമസമരം നടത്തിയതും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട് സംശയനിഴലില്‍ നിര്‍ത്തുന്നതായി മാറി.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടും അക്കാദമിയുമായുള്ള സി.പി.എം നേതാക്കളുടെ ഇടപാടില്‍ ദുരൂഹതയുണ്ടാക്കുന്നതാണ്. പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്നത് വിദ്യാര്‍ഥികളുടെ മാത്രം ആവശ്യമാണെന്നും സര്‍ക്കാരിന്റേതല്ലെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി നിലപാടിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് പിന്നാലെ മുന്‍ പ്രസിഡന്റ് വി മുരളീധരന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതും സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് തിരിച്ചടിയായി. വിദ്യാര്‍ഥികളുടെ സമര വികാരം ബി.ജെ.പി സമര്‍ഥമായി ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായതോടെയാണ് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സമരമുഖത്തെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തയാറായത്.

സമരത്തില്‍ എസ്.എഫ്.ഐ ജില്ലാ- സംസ്ഥാന ഘടകങ്ങളുടെ സംശയകരമായ നിലപാടും സാധാരണപ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി ഇടപെടലിന് പിന്നാലെ വി.എസ് അച്യുതാനന്ദന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ആഞ്ഞടിച്ചതും പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും അക്കാദമിക്കൊപ്പമാണെന്ന സംശയം ബലപ്പെടുത്തുന്നതായി.

അതേസമയം ഭരണമുന്നണിയിലുള്ള സി.പി.ഐയുടെ നിലപാട് സി.പി.എമ്മിന്റേതിന് വിരുദ്ധമാണ്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു.

കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ സമരത്തോട് മുഖം തിരിച്ചപ്പോള്‍ പിന്തുണയുമായെത്തിയ ബി.ജെ.പി നേതാക്കളോട് വിദ്യാര്‍ഥികള്‍ക്കുള്ള ആഭിമുഖ്യം വര്‍ധിച്ചെന്നും സൂചനയുണ്ട്. വ്യക്തിത്വവും രാഷ്ട്രീയവും സ്വന്തമായി നിര്‍വചിക്കാന്‍ കഴിവുള്ളവരാണ് സമരമുഖത്തുള്ള എല്ലാ വിദ്യാര്‍ഥികളും. അത് അവരുടെ സമര നിലപാടുകളില്‍ വ്യക്തമവുമാണ്. ഈ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബി.ജെ.പി ഉണ്ടാക്കുന്ന സ്വാധീനം സി.പി.എമ്മിനും കോണ്‍ഗ്രസിനും രാഷ്ട്രീയമായ തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.