ലക്ഷ്മിനായരില്ലാതെ ലോ അക്കാദമി ഇന്ന് തുറന്നു

ഒരു മാസത്തെ സമര പരമ്പരകള്‍ക്ക് ശേഷം ലോ അക്കാദമി കോളജ് ഇന്ന് തുറന്നു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തില്ലാതെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം അവസാനിപ്പിച്ചത്.

പകരം യു.ജി.സി മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിരുന്നു. ഫാക്കല്‍റ്റിയായും ലക്ഷ്മിനായര്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതോടെയാണ് 29 ദിവസം നീണ്ട സമരം വിദ്യാര്‍ത്ഥി സംഘടനകള്‍ അവസാനിപ്പിച്ചതും കോളെജ് തുറക്കന്‍ വഴി തെളിഞ്ഞതും. പരീക്ഷകള്‍ക്ക് ഒരുമാസം മാത്രം ശേഷിക്കെയാണ് ക്ലാസുകള്‍ പുനരംരാഭിക്കുന്നത്.

നേരത്തെ എസ്.എഫ്.ഐയുമായുണ്ടാക്കിയ ധാരണയുടെ പേരില്‍ ഫെബ്രുവരി ഒന്നു മുതല്‍ കോളേജ് തുറക്കുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കോളെജ് തുറന്നത്. വലിയ സംഘര്‍ഷത്തിന് വഴിവെയ്ക്കുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതിനെ തുടര്‍ന്ന് അനിശ്ചിതമായി കോളെജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.