‘മറ്റ് ഏജന്‍സികളുടെ മുമ്പില്‍ പറയാത്ത കാര്യം കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്ത്?’; മുഖ്യമന്ത്രി

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഏജന്‍സികളുടെ ആക്രമണോത്സുകത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

    മറ്റ് ഏജന്‍സികള്‍ക്ക് നല്‍കാത്ത മൊഴി സ്വപ്ന എങ്ങനെയാണ് നല്കിയതെന്നതില്‍ വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെയും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തി. കസ്റ്റംസ് കമ്മീഷണറുടെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്നും യുഡിഎഫിനും ബിജെപിക്കും വേണ്ടി കസ്റ്റംസ് വീടുവേല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് കസ്റ്റംസിന്റേതെന്നും കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഇതിപ്പോള്‍ നയിക്കുന്നത് കസ്റ്റംസാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിനിടെ പൂഴിക്കടകന്‍ അടവാണ് കേന്ദ്ര ഏജന്‍സി പുറത്തെടുക്കുന്നതെന്നും ജനമനസുകളില്‍ വിഭ്രാന്തി ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സ്വര്‍ണം ആരിലേക്കാണ് പോയതെന്ന് കണ്ടെത്താന്‍ സാധിച്ചോ എന്നും ഏജന്‍സികള്‍ ഇത്തരത്തില്‍ പോകേണ്ടവരല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏജന്‍സികളുടെ ഇടപെടല്‍ സംശയകരമാണെന്നും ചരടുവലിക്കനുസരിച്ചാണ് ഏജന്‍സികള്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടാണ് ഉള്ളത്. ഇപ്പോള്‍ നടക്കുന്നത് ഒരുതരം പാവകളിയാണ്. സര്‍ക്കാരിന്റെ നല്ലപേരിനെ തകര്‍ക്കാന്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു. അദ്ദേഹം പറഞ്ഞു.