മുസ്ലിം നിരോധനം: അമേരിക്കയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലെ പൈലറ്റിനെയും ജീവനക്കാരെയും മാറ്റി

അബൂദബി: അമേരിക്കയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലെ പൈലറ്റിനെയും ജീവനക്കാരെയും മാറ്റി. മുസ്ലിം നിരോധനത്തെ തുടര്‍ന്നാണ് നടപടിയെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വിമാന സര്‍വിസ് നടത്തുന്ന കമ്പനിയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. പ്രതിദിനം അമേരിക്കന്‍ നഗരങ്ങളിലേക്ക് 11 സര്‍വിസുകളാണ് നടത്തുന്നത്. സര്‍വിസ് മുടക്കാതിരിക്കാന്‍ ജീവനക്കാരെ മാറ്റി നിയോഗിക്കുകയാണെന്ന് വിമാനക്കമ്പനി വക്താവ് പറഞ്ഞു. അമേരിക്കയിലേക്ക് ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത് വിലക്കിയതോടെ വിമാനക്കമ്പനികളും പ്രതിസന്ധിയിലാണ്. വെള്ളിയാഴ്ചത്തെ യു.എസ് പ്രസിഡന്റിന്റെ  തീരുമാനത്തോടെ അമേരിക്കയിലേക്ക് പോകുന്ന വിമാനങ്ങളില്‍ വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാരായ ജീവനക്കാരെ ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ തീരുമാനിച്ചിരുന്നുവെന്ന് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞു.

നയതന്ത്ര വിസ ഇല്ലാത്തവരെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ല എന്നാണ് പുതിയ ഉത്തരവിലുള്ളത്. ഇത് വിമാന ജീവനക്കാരെയും പൈലറ്റുമാരെയും ബാധിക്കും. യു.എസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി എമിറേറ്റ്സ് എയര്‍ലൈന്‍സിന് 23,000 ജീവനക്കാരും 4000 പൈലറ്റുമാരുമാണുള്ളത്.

അതേസമയം, അമേരിക്കന്‍ സര്‍വിസുകളില്‍ നിയന്ത്രണം ആലോചിക്കുന്നതായി ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍വൈസ് വക്താവ് പറഞ്ഞു. ഇരട്ടപൗരത്വമുള്ളവര്‍ക്ക് നിയന്ത്രണം ബാധകമാണോയെന്ന് വ്യക്തമല്ലെന്നും തങ്ങളുടെ വിമാനജീവനക്കാരില്‍ പലര്‍ക്കും ഇരട്ടപൗരത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടപൗരത്വമുള്ളവര്‍ക്ക് സാധുവായ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ യാത്രാതടസ്സമുണ്ടാകില്ലെന്ന് എത്തിഹാദ് വെബ്സൈറ്റില്‍ പറഞ്ഞു. എന്നാല്‍ ഇരട്ടപൗരത്വമുള്ളവരുടെ രാജ്യങ്ങളിലൊന്ന് നിരോധിത പട്ടികയിലുണ്ടെങ്കില്‍ യാത്ര പാടില്ലെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാഫിക് അസോസിയേഷന്‍ പറയുന്നു. ഇരട്ടപൗരത്വമുള്ളവരെയും തടയുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.