മലയാളി യുവാവ് ചിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

ചിക്കാഗോ: ബുധനാഴ്ച അര്‍ധരാത്രിയില്‍ വില്ലോബ്രൂക്കില്‍ റൂട്ട് 83ലുണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എബിന്‍ മാത്യു (27)വാണ് കൊല്ലപ്പെട്ടത്. ഒപ്പം യാത്രചെയ്ത നാല് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എബിന്‍ സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം കടന്നുകളഞ്ഞ കാര്‍ പിന്നീട് കണ്ടെത്തുകയും ആഫ്രിക്കന്‍ അമേരിക്കനായ മര്‍ലന്‍ മൈത്സിനെ അറസ്റ്റുചെയ്യുകയും ചെയ്തു.

ഇയാളുടെ അശ്രദ്ധമായ ഡ്രൈവാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ എബിന്‍ സഞ്ചരിച്ച കാറില്‍ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ എബിന്‍ സഞ്ചരിച്ച കാര്‍ പലതവണ മറിഞ്ഞു. അപകടംകേട്ടെത്തിയ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് ഉള്ളിലുള്ളവരെ പുറത്തെടുത്തു. ആദ്യം സഹയാത്രികരെയാണ് കണ്ടെത്തിയത്. പിന്നീട് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് എബിന്റെ മതൃദേഹം കണ്ടെത്തിയത്.
എബിന്റെ പിതാവ് ഇന്ത്യയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള യാത്രയിലായിരുന്നു. ചിക്കാഗോയിലെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് മകന്റെ മരണവാര്‍ത്തയായിരുന്നു.

അടുത്തകാലത്ത് വിവാഹം ഉറപ്പിച്ച എബിന്‍ നാട്ടിലെത്തി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ചിക്കാഗോയിലെ മലയാളി യുവാക്കള്‍ക്കിടയില്‍ സുപരിചിതനായ എബിന്‍ ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എബിന്‍ മാത്യുവിന്റെ മരണത്തില്‍ ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകള്‍ അനുശോചനം രേഖപ്പെടുത്തി.