മൂന്നല്ല മുപ്പതുവട്ടം വിദ്യാര്‍ഥികളെ തള്ളിപ്പറഞ്ഞ് എസ്.എഫ്.ഐ
തട്ടിപ്പ് കരാറില്‍ വിദ്യാര്‍ഥികളെ പറ്റിക്കാനുള്ള നീക്കം പൊളിഞ്ഞു
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ചുമതലയില്‍നിന്ന് ലക്ഷ്മി നായരെ ഒഴിവാക്കിക്കൊണ്ട് കോളജ് മാനേജ്‌മെന്റ് എസ്.എഫ്.ഐ നേതാക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ വിദ്യാര്‍ഥികളെ കബളിപ്പിക്കാന്‍.
സമരത്തിന് നേരെ കണ്ണടയ്ക്കുകയും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്ത സി.പി.എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ നേതാക്കളുമായി മാത്രം മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമവായത്തിലെത്തിയെന്ന് പ്രഖ്യാപിച്ചതും ദുരൂഹമാണ്.
പ്രിന്‍സിപ്പലിനെ മാറ്റിയതുള്‍പ്പെടെ 17 ആവശ്യങ്ങള്‍ അംഗീകരിച്ചെന്നാണ് എസ്.എഫ്.ഐ നേതാക്കളുടെ അവകാശവാദം. എന്നാല്‍ മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയുന്നതല്ലാതെ എസ്.എഫ്.ഐ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചതായി വ്യക്തമാക്കുന്നില്ല.
ലക്ഷ്മി നായര്‍ ചുമതല ഒഴിഞ്ഞെന്നും പകരം വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയെന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്. ലക്ഷ്മി നായര്‍ ചുമതല ഒഴിഞ്ഞൂവെന്ന് പത്രക്കുറിപ്പില്‍ പറയുന്നതല്ലാതെ ഇത് സംബന്ധിച്ച് നിയമപരമായി നിലനില്‍ക്കുന്ന നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടുമില്ല. അതായത് ജയലളിതയുടെ ജയില്‍വാസ കാലയളവില്‍ തമിഴ്‌നാട്ടില്‍ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രിയായതു പോലെ വൈസ് പ്രിന്‍സിപ്പലിനെ മുന്നില്‍ നിര്‍ത്തി ലക്ഷ്മി നായര്‍ പഴയതു പോലെ ഭരിക്കുമെന്നര്‍ഥം.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച മാനേജ്‌മെന്റ് അക്കാര്യങ്ങള്‍ എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍ അതിന് എന്ത് നിയമസാധുതയുണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തിന്, ആരുമായി ഉണ്ടാക്കിയ കരാര്‍ എന്നു പോലും സഖാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ രേഖയില്‍ വ്യക്തമാക്കിയിട്ടില്ല. കരാറിനൊടുവില്‍ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പിട്ടിട്ടുണ്ടെങ്കിലും ചര്‍ച്ചയ്ക്ക് പോയ ഒരൊറ്റ എസ്.എഫ് നേതാവിന്റെയും ഒപ്പോ വരലടയാളമോ പേരോ ചേര്‍ത്തിട്ടില്ല.
പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌നിന്ന് മാറി നില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് അഞ്ച് വര്‍ഷത്തേക്കെന്ന് വിപ്ലവ സഖാക്കള്‍ പ്രഖ്യാപിച്ചതല്ലാതെ കരാറില്‍ ഒരിടത്തുമില്ല. അഞ്ച് വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയാകില്ലെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്.
സമരം വിജയിച്ചെന്ന് സഖാക്കള്‍ അവകാശപ്പെടുമ്പോഴും വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ പ്രധാനപ്പെട്ടവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. സഹപാഠികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കാര്യത്തില്‍ എന്ത് സമവായമുണ്ടാക്കിയെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മികതയെങ്കിലും ചര്‍ച്ചയ്ക്ക് പോയ ഈ നേതാക്കള്‍ക്കുണ്ട്. വിദ്യാര്‍ഥികളെ ജാതിയും സാമ്പത്തികവും പരിഗണിച്ച് ലക്ഷ്മി നായരുടെ കുശിനിയില്‍ പണിയെടുപ്പിച്ചതോ ഹോട്ടലിലെ വിളമ്പുകാരാക്കിയതോ സംബന്ധിച്ച പരാതിയില്‍ എന്ത് തീരുമാനമുണ്ടാക്കിയെന്നും വ്യക്തമല്ല.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം നേതാവായിരുന്ന എല്‍.കെ അദ്വാനി മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമുണ്ട്, ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടില്‍ ഇഴഞ്ഞു. ഇതു തന്നെയാണ് എസ്.എഫ്.ഐയും സി.പി.എം നേതാക്കളും ലോ അക്കാദമി വിഷയത്തില്‍ പ്രബുദ്ധ കേരളത്തെ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.