ഉണ്ണികൃഷ്ണന്റെ ഗ്രാന്‍മാസ്റ്റര്‍ ദിലീപ് വാങ്ങുന്നു

* തലസ്ഥാനത്തും ഇനി ദേ പുട്ട്

തിരുവനന്തപുരം: ഏതാനും മാസം മുമ്പ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തലസ്ഥാന നഗരത്തില്‍ പാളയത്ത് തുടങ്ങിയ ഗ്രാന്‍മാസ്റ്റര്‍ എന്ന റസ്റ്റോറന്റ് നടന്‍ ദിലീപ് വാങ്ങുന്നു. ഉണ്ണികൃഷ്ണനും ദിലീപും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ താമസിക്കാതെ തീരുമാനിക്കും. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിഭവങ്ങളും അറബിക്, തായി, ചൈനീസ് വിഭവങ്ങളുമായാണ് ഉണ്ണികൃഷ്ണന്‍ ഗ്രാന്‍മാസ്റ്റര്‍ ആരംഭിച്ചത്. കട തുറന്ന് മുതല്‍ വലിയ തിരക്കായിരുന്നു. പലരും മുന്‍കൂര്‍ സീറ്റ് ബുക്ക് ചെയ്താണ് ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ വിപിന്‍ മോഹനും കുടുംബവും ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ ചെന്നിട്ട് സീറ്റി കിട്ടാതെ മടങ്ങി പോരേണ്ടി വന്നു.

കഴിഞ്ഞ കുറേ ആഴ്ചകളായി റസ്റ്റേറന്റ് തുറക്കുന്നില്ല. കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാത്തത് കൊണ്ട് അതിനായുള്ള ക്രമീകരണങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്നാണ് റസ്റ്റോറന്റ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ വില്‍പ്പനയ്ക്ക് മുന്നോടിയായുള്ള നവീകരണമാണ് നടക്കുന്നതെന്ന് അറിയുന്നു. ദിലീപ് ഇവിടെ ദേ പുട്ട് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചി ഇടപ്പള്ളിയിലേത് പോലെ തലസ്ഥാനത്തെ ഭക്ഷണ സ്നേഹികളെയും ആകര്‍ഷിക്കുകയാണ് താരത്തിന്റ ലക്ഷ്യം. കൊച്ചിയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്നാണ് ദേ പുട്ട് നടത്തുന്നത്.

ദിലീപിന്റെ ദേ പുട്ട് തുറന്ന് കഴിഞ്ഞാല്‍ പലതരത്തിലുള്ള സ്പെഷ്യല്‍ പട്ടുകള്‍ നഗരവാസികള്‍ക്ക് രുചിക്കാം. ഇവയ്ക്കെല്ലാം തന്റെ സിനിമകളുടെ പേരാണ് ദിലീപ് ഇട്ടിരിക്കുന്നത്. ചിക്കന്‍ ഖീമയും കാടമുട്ടയും ഗോതമ്പും ചേര്‍ന്ന കുഞ്ഞിക്കൂനന്‍ പുട്ട്, അവല്‍ വിളയിച്ചതും ഏത്തയ്ക്കായും ചേര്‍ത്ത ശൃംഗാരവേലന്‍, ചോക്ലേറ്റും ജാമം ചേര്‍ത്ത രസികന്‍്, മിക്സഡ് ബിരിയാണി പുട്ടായ ജോക്കര്‍, ഹല്‍വകളുടെ കോമ്പിനേഷനായ മായാമോഹിനി, സ്വീറ്റ് ആന്റ് സ്പൈസിയായ ചാന്ത് പൊട്ട്, ഇടി ഇറച്ചിയില്‍ മുളക് ചേര്‍ത്ത ഗോതമ്പ് പുട്ടായ മീശമാധവന്‍, അരി, ഒലിവ് എന്നിവയ്ക്കൊപ്പം ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള ചെറി പെപ്പര്‍ ചേര്‍ത്ത സ്പാനിഷ് ചിക്കന്‍ പുട്ട്, ചമ്പാവരിയും ചെമ്മീനും, ചിക്കന്‍ ഖീമയും അരിഞ്ഞ ഇറച്ചിയും ഉള്ള റണ്‍വേ പുട്ട്, കടല്‍ വിഭവങ്ങളും ചിക്കനും ഇറച്ചിയും വെജിറ്റബിള്‍സും കലര്‍ന്ന മാര്‍ബിള്‍ പുട്ട് ( ഏഴ് സുന്ദര രാത്രികള്‍), കണവ, ചെമ്മീന്‍, മീന്‍, അരി എന്നിവ ചേര്‍ത്തുണ്ടാക്കിയ റിംഗ് മാസ്റ്റര്‍, പനീറും കൂണും മിക്സ് ചെയ്ത പഞ്ചാബി ഹൗസ്. ഈ സ്പെഷ്യല്‍ പുട്ടുകള്‍ കഴിക്കാന്‍ ഇനി തിരുവനന്തപുരത്തുള്ളവര്‍ക്ക് കൊച്ചീക്ക് പോകേണ്ടിവരില്ല. കാത്തിരുന്ന് രുചിക്കാം….