EXCLUSIVE: ലോ അക്കാദമി – ലക്ഷ്മിനായര്‍ ഇപ്പോള്‍ പ്രിന്‍സിപ്പല്‍ തന്നെയെന്ന് കോളേജ് വെബ്‌സൈറ്റ് 

-ക്രിസ്റ്റഫര്‍ പെരേര-

ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു എന്ന് എസ്.എഫ്.ഐയും മാനേജ്‌മെന്റും അവകാശപ്പെടുമ്പോഴും കോളേജിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രിന്‍സിപ്പലായി ഡോ. ലക്ഷ്മി നായരുടെ പേരാണുള്ളത്. ജനുവരി 31-നാണ് എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങളില്‍ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പകരം വൈസ് പ്രിന്‍സിപ്പലിന് ചുമതല നല്‍കിയിരിക്കുന്നു.

അഞ്ചു വര്‍ഷത്തേക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാമ്പസില്‍ ഫാക്കല്‍റ്റി സ്ഥാനത്തുണ്ടാവില്ല എന്ന് വ്യക്തമായി എഴുതിക്കൊടുത്തിട്ടും വെബ്‌സൈറ്റില്‍ ഇപ്പോഴും ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരുന്നതായിട്ടാണ് കാണുന്നത്. നാഴികയ്ക്ക് നാല്പത് വട്ടം നിലപാട് മാറ്റുന്ന ഈ മാനേജ്‌മെന്റിനെ വിശ്വസിച്ച് സമരരംഗത്ത് നിന്ന് പിന്മാറിയ എസ്.എഫ്.ഐയ്ക്കും സമരം ചെയ്യുന്നവര്‍ക്കും മാനേജ്‌മെന്റിന്റെ ഇമ്മാതിരി നെറികേടുകള്‍ ഭാവിയിലും പ്രതീക്ഷിക്കാം. പ്രിന്‍സിപ്പല്‍ ഒഴിഞ്ഞ കാര്യം വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാത്തത് യാദൃശ്ചികമാണെന്ന് പറയാനാവില്ല.

‘അപ്രതീക്ഷിതമായ സംഭവവികാസങ്ങളെ തുടരുന്ന ഫെബ്രുവരി മൂന്നിന് നടത്താനിരുന്ന നാഷണല്‍ സെമിനാര്‍ മാറ്റിവെച്ച കാര്യം സൈറ്റില്‍ സ്‌ക്രോള്‍ ആയി എഴുതി കാണിക്കുന്നുണ്ട്. നാഷണല്‍ മൂട്ട് കോര്‍ട്ട് മത്സരവുമൊക്കെ മാറ്റിവെച്ച കാര്യം പ്രത്യേകമായി സൈറ്റില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പക്ഷേ, ലക്ഷ്മിനായരുടെ പടവും പദവിയും ഇപ്പോഴും പ്രിന്‍സിപ്പല്‍ എന്ന പേരില്‍ തുടരുകയാണ്. വൈസ് പ്രിന്‍സിപ്പല്‍ പദവിയില്‍ ഇപ്പോഴും പ്രൊഫ. എം.എം. മാധവന്‍പോറ്റിയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്.

എസ്.എഫ്.ഐയുമായി എന്തെങ്കിലും തട്ടിക്കൂട്ട് കരാര്‍ ഉണ്ടാക്കിയെങ്കിലും അതൊന്നും തനിക്ക് ബാധകമല്ലെന്നാണ് ലക്ഷ്മിനായര്‍ തുടക്കം മുതലേ പറഞ്ഞിരുന്നത്. അത് സത്യമാണെന്നാണ് ഇത് തെളിയിക്കുന്നത്.