മാരാമണ്‍ : സ്ത്രീ കൂട്ടായ്മ പൊലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സഭയുടെ നീക്കം

ഇന്ന് കോഴഞ്ചേരിയില്‍ നടക്കുന്ന സ്ത്രീ കൂട്ടായ്മയ്ക്ക് പൊലീസ് ഇനിയും അനുമതി നല്‍കിയില്ല. 

ഭരണമുന്നണിയെ ഉപയോഗിച്ചാണ് യോഗം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. 

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ്.

മാര്‍ത്തോമ സഭയുടെ ആഭിമിഖ്യത്തില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രി കാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി ഫെബ്രുവരി 10 വെള്ളിയാഴ്ച കോഴഞ്ചേരിയില്‍ നടത്താനിരുന്ന ബഹുജന സ്ത്രീ കൂട്ടായ്മ അട്ടിമറിക്കാന്‍ നീക്കം. ഇന്ന് വൈകുന്നേരം കോഴഞ്ചേരി സി. കേശവന്‍ സ്‌ക്വയറില്‍ നടത്താനിരുന്ന യോഗത്തിന് പൊലീസ് അനുമതി നല്‍കാന്‍ വിസമ്മതിക്കുകയാണ്. ഒരാഴ്ച മുമ്പ് ആറന്മുള പൊലീസ്് സ്റ്റേഷനില്‍ മൈക്ക് ഉപയോഗിക്കുന്നതിനും യോഗം നടത്തുന്നതിനും അനുമതി തേടി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് കണ്‍വീനര്‍ വിനോദ് കോശി ദി വെഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ന്യായം പറഞ്ഞാണ് അനുമതി നല്‍കാത്തതെന്നാണറിയുന്നത്. ഇങ്ങനെയൊരു യോഗം നടക്കുന്നതിനെതിരെ മാര്‍ത്തോമ സഭയിലെ ചില പ്രമുഖര്‍ പൊലീസില്‍ സ്വാധീനം ഉപയോഗിച്ച് യോഗം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

നവീകരണ വേദി, പത്തനംതിട്ട സ്ത്രീ വേദി, കേരള വനിതാ സാഹിതി സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിശദീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. നവീകരണ വേദി പ്രസിഡന്റ് പ്രൊഫ. എ.വി. ഇട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റ് ഗ്രേസി കരിങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്യും.

കാലങ്ങളായി മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രികാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും സഭാ നേതൃത്വം നാളിതുവരെ പരിഗണിച്ചിട്ടില്ല. കാലാനുസൃതമായി സഭ മാറണമെന്ന ആവശ്യം ഉയര്‍ത്തി പിടിച്ചാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. രാത്രിയോഗങ്ങളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ത്തോമ സുവിശേഷ സംഘത്തിന്റെ ഇക്കഴിഞ്ഞ യോഗത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച പോലും കൂടാതെ പ്രമേയം തള്ളിക്കളഞ്ഞിരുന്നു.

related news:

മാരാമണ്‍ സ്ത്രീ പ്രവേശനം: കോഴഞ്ചേരിയില്‍ സ്ത്രീ കൂട്ടായ്മ

exclusive: മാരാമണ്‍ : സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഷിജു അലക്‌സിന് വധഭീഷണി

മാരാമണ്‍ കണ്‍വെന്‍ഷന്‍: ഇത്തവണയും രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനമില്ല

ഭിന്നലിംഗക്കാരുടെ പൗരോഹിത്യം: മെത്രാപ്പോലീത്തയുടെ നിലപാട് വെറും തട്ടിപ്പെന്ന് വിശ്വാസികള്‍