ലോ അക്കാദമി; കേരള സര്‍വ്വകലാശാല പരീക്ഷ ചുമതലകളില്‍ നിന്ന് ലക്ഷ്മിനായരെ മാറ്റിയില്ല

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ മുഴുവന്‍ പരീക്ഷ ചുമതലകളില്‍നിന്നും ഡീബാര്‍ ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ച് ഒരാഴ്ച പിന്നിട്ടിട്ടും നടപ്പായില്ല. സര്‍വകലാശാല നടത്തിയ രണ്ടു പ്രധാന സെമസ്റ്റര്‍ പരീക്ഷകളുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് അവരാണെങ്കിലും ഇതുവരെ നീക്കാന്‍ തയാറായില്ല. ലോ അക്കാദമി വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഇന്‍േറണല്‍ പരീക്ഷകളുടെ കാര്യത്തില്‍ മാത്രം സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പാക്കുകയെന്ന ഒളിച്ചുകളിയാണ് സര്‍വകലാശാലയുടെ മെല്ലെപ്പോക്കിന് പിന്നിലെന്ന് സംശയിക്കുന്നു.

ഇന്‍േറണല്‍ പരീക്ഷകളുടെ നടത്തിപ്പ്, മൂല്യനിര്‍ണയം തുടങ്ങിയ പരീക്ഷ സംബന്ധമായ മുഴുവന്‍ ചുമതലകളില്‍നിന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യാനാണ് ജനുവരി 28ന് ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. സമരക്കാരുമായി ലോ അക്കാദമി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലെ ധാരണപ്രകാരം പ്രിന്‍സിപ്പല്‍ പദവിയില്‍നിന്ന് അവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാല നടത്തിയ എല്‍എല്‍.എം നാലാം സെമസ്റ്റര്‍, എം.ബി.എല്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷകളുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഇപ്പോഴും വഹിക്കുന്നത് ലക്ഷ്മി നായരാണ്.  എല്‍എല്‍.എം നാലാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് നടന്നതെങ്കിലും ഫലപ്രഖ്യാപനം പാതിവഴിയിലാണ്. എല്‍എല്‍.എം സെമസ്റ്റര്‍ പരീക്ഷകളില്‍ ഇരട്ട മൂല്യനിര്‍ണയമാണ് നടത്തുന്നത്. രണ്ട് മൂല്യനിര്‍ണയങ്ങളിലും ലഭിക്കുന്ന മാര്‍ക്കുകളുടെ ശരാശരി കണക്കാക്കി ഓരോ വിദ്യാര്‍ഥിക്കും എഴുത്തുപരീക്ഷക്ക് നല്‍കേണ്ട മാര്‍ക്ക് നിശ്ചയിച്ച് പരീക്ഷ കണ്‍ട്രോളര്‍ക്ക് കൈമാറേണ്ട ചുമതല പരീക്ഷ ബോര്‍ഡ് ചെയര്‍മാനാണ്. വൈവയുടെ തീയതി നിശ്ചയിച്ച് സര്‍വകലാശാലയെ അറിയിക്കേണ്ടതും വൈവ പരീക്ഷക്ക് നേതൃത്വം നല്‍കേണ്ടതും പരീക്ഷ ബോര്‍ഡ് ചെയര്‍മാനാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന എല്‍എല്‍.എം നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ആദ്യ മൂല്യനിര്‍ണയം കഴിഞ്ഞ് രണ്ടാമത്തേതിന് ഉത്തരക്കടലാസുകള്‍ കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ തിരികെ വന്നിട്ടില്ല. രണ്ടാം മൂല്യനിര്‍ണയം കഴിഞ്ഞ് ഉത്തരക്കടലാസ് തിരികെ വന്നാലുടന്‍ ശരാശരി മാര്‍ക്ക് നിശ്ചയിക്കേണ്ടത് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ എന്നനിലയില്‍ ലക്ഷ്മി നായരാണ്. കൂടാതെ, വൈവയുടെ പൂര്‍ണ ചുമതലയും അവര്‍ക്കാണ്. എല്‍എല്‍.എം നാലാം സെമസ്റ്റര്‍ പരീക്ഷകഴിഞ്ഞ് മാസങ്ങളായിട്ടും ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുന്നെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം സര്‍വകലാശാല ആസ്ഥാനത്ത് എത്തിയിരുന്നു.

എം.ബി.എല്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ബോര്‍ഡിന്റെ ചെയര്‍മാനും ലക്ഷ്മി നായരാണ്. ഇതിന്റെ ഫലവും ത്രിശങ്കുവിലാണ്. പരീക്ഷയുമായി ബന്ധപ്പെട്ട ഏകോപന ചുമതല നിര്‍വഹിക്കുന്നതില്‍ ബോര്‍ഡ് ചെയര്‍മാന്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടാത്തതാണ് ഫലം വൈകാന്‍ കാരണമെന്നും പരാതിയുണ്ട്.