ന്യൂ യോർക്ക് : ഫൊക്കാന മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനെ ഫൊക്കാന ലീഗൽ അഡ്വൈസറി ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. റോക്ക് ലാൻഡ് കൗണ്ടിയിലെ ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് ആൻഡ് ട്രാഫിക്ക് ഫയർ സേഫ്റ്റി അഡ്വൈസറി ബോർഡ് അംഗമായ അദ്ദേഹം ഫൊക്കാനയുടെ മുൻ സെക്രട്ടറി , ട്രസ്റ്റീ ബോർഡ് ചെയർ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കൺവെൻഷൻ ചെയർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള വെക്തികൂടിയാണ്.
സംഘടന പ്രതിസന്ധികളിലൂടെ കടന്നുപോയ അവസരത്തിലും അടിപതറാതെ സംഘടനയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി ലീഗൽ കാര്യങ്ങൾ കൈകാര്യം ചെയ്ത വ്യക്തിയാണ് ഫിലിപ്പോസ് ഫിലിപ്പ് . ഫൊക്കാന പല കേസുകളിലൂടെ കടന്നുപോയപ്പോൾ അതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ചു ആ കേസുകളിൽ എല്ലാം വിജയം കണ്ട വെക്തികൂടിയാണ് അദ്ദേഹം.
ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്‍ ഒരു വമ്പിച്ച വിജയമാക്കി തീർത്തതിൽ കൺവെൻഷൻ ചെയർ എന്ന രീതിയിൽ ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രവർത്തനം പ്രശംസനീയമാണ്. സാധാരണ പ്രവര്‍ത്തകനായാലും ഭാരവാഹിയായാലും ഏല്‍പ്പിക്കുന്ന ദൗത്യം വിജയിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. ആ പ്രവർത്തന രീതിയാണ് അദ്ദേഹത്തെ ഏവർക്കും സർവ്വ സമ്മതനാക്കുന്നത് .
1989 മുതല്‍ ഇന്നുവരെ ന്യൂയാേര്‍ക്കിലെ ഒരു പ്രമുഖ സംഘടനയായ ഹഡ്‌സന്‍ വാലി മലയാളി അസ്സോസിയേഷന്റെ പ്രസിഡന്‍റ്, ചെയര്‍മാന്‍, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യന്‍ കോണ്‍സലേറ്റുമായി സഹകരിച്ച് വിസ, ഒസിഐ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും അതുപോലെ മലയാളീ കമ്യൂണിറ്റിക്കു ഉപകാരപ്രദമായ നിരവധി കാര്യങ്ങൾക്കു മുൻകൈയെടുത്ത വെക്തികൂടിയാണ് .
കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN)യുടെ സ്ഥാപകരില്‍ ഒരാളാണ്. ആ സംഘടനയിലും പ്രസിഡന്‍റായും ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം
എഞ്ചിനിയര്‍മാരുടെ നെറ്റ്‌വര്‍ക്ക് സംഘടന എന്നതിലുപരി എഞ്ചിനീയറിംഗ് വിദ്യാലയങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം വിദ്യാര്‍ത്ഥികളുടെ പഠനച്ചിലവ് വഹിക്കുന്ന പദ്ധതികൾ ഏറ്റെടുത്തു നടത്തിവരുകയും ചെയ്യുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മലങ്കര ഓര്‍ത്തഡോ സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
റോക്ക്‌ലാന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം
ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു .
കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരൂദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.
ഫൊക്കാന ലീഗൽ അഡ്വൈസറി ചെയർമാൻ ആയി നിയമിച്ച ഫിലിപ്പോസ് ഫിലിപ്പിനെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അഭിനന്ദിച്ചു.
ഫിലിപ്പോസ് ഫിലിപ്പ്