നിഴലില്‍ നിന്ന് നേതാവിലേക്ക്

ജയലളിത എന്ന നിഴല്‍ച്ചിത്രത്തില്‍ നിന്ന് സമ്പൂര്‍ണ രാഷ്ട്രീയ അസ്തിത്വത്തിലേക്കുള്ള ശശികലയുടെ പുറത്തുകടക്കല്‍ സംഭവിച്ചിരിക്കുന്നു. പാര്‍ട്ടി റാലികളില്‍ ജയയുടെ ഓഡിയോ റെക്കോര്‍ഡറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ശശികല ഇനി തമിഴ്‌നാടിന്റെ ഭരണച്ചെങ്കോലേന്തും.

ജയലളിതയുടെ അന്ത്യയാത്രയില്‍ നിഴലുപോലെ ഒപ്പം നിന്നപ്പോള്‍ തന്നെ അണ്ണാഡിഎംകെയിലെ അടുത്ത അധികാരകേന്ദ്രം ചിന്നമ്മയെന്ന് വിളിക്കുന്ന ശശികലയായിരിക്കുമെന്ന്് ഏറെക്കുറെ വ്യക്തമായിരുന്നു. ജയയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം ഒരു നിമിഷം വിട്ടുമാറാതെ ശക്തമായ സാന്നിധ്യമായി ശശികലയുണ്ടായിരുന്നു. ജയലളിതയുടെ കഥയില്‍ ശശികലയുടെ പേര് ഒഴിവാക്കാനാവുന്ന ഒന്നല്ല. അമ്മയുടെ നിഴലായി നിന്ന അധികാര കേന്ദ്രമായ ശശികലയ്ക്ക് അമ്മയിലും അതുവഴി അണ്ണാഡിഎംകെയിലുമുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്.

മന്ത്രിസഭയിലുള്ളവരില്‍ ഭൂരിഭാഗവും അതിനാല്‍ ശശികലയുടെ വരുതിയിലാണെന്നുള്ളതിന് തെളിവാണ് അടിക്കടി മുഖ്യമന്ത്രി പന്നീര്‍ശെല്‍വം അടക്കം മന്ത്രിമാര്‍ പോയസ് ഗാര്‍ഡനില്‍ ശശികലയെ സന്ദര്‍ശിക്കാനെത്തുന്നത്. 132 എം.എല്‍.എമാരില്‍ 102 പേര്‍ ചിന്നമ്മയോടൊപ്പം നില്‍ക്കുന്നവരാണ്. ജയലളിതയുടെ തോഴിയായി ശശികലയുടെ വളര്‍ച്ച പൊടുന്നനെയായിരുന്നു. വീഡിയോ കട ഉടമയില്‍ നിന്ന് ചിന്നമ്മയായുള്ള ശശികലയുടെ മാറ്റം ഏവരേയും അമ്പരപ്പിക്കുന്നതാണ്. എണ്‍പതുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയാണ് ജയലളിത ശശികലയെ കണ്ടെടുക്കുന്നത്. ജയയുടെ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന ശശികലയുടെ അപേക്ഷക്ക് ജയ ചെവിയും ഹൃദയവും നല്‍കി.

അതിനിടയില്‍ ജയയെ നിരീക്ഷിക്കാന്‍ എംജിആര്‍ ഉപയോഗിച്ച ചാരയാണ് ശശികല നടരാജനെന്ന് പലരും അടക്കം പറഞ്ഞു. അങ്ങനെ വീഡിയോ പിടിക്കാനെത്തിയ ശശികല ജയയുടെ മരണത്തോടെ അണ്ണാഡിഎംകെ രാഷ്ട്രീയത്തിലെ മുഖചിത്രമാവുകയാണ്. എളുപ്പത്തില്‍ എല്ലാവരേയും വിശ്വസിക്കുന്നതാണ് എന്റെ ജന്മസ്വഭാവമെന്ന് തുറന്ന് പറഞ്ഞ ജയക്ക് ശശികലയുമായി അടുക്കാന്‍ വലിയ കാലതാമസമുണ്ടായില്ല. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിവീഴ്ത്തപ്പെട്ട ജയയെ താങ്ങിയ ശശികലയുടെ കഥകള്‍ ലോകം പറഞ്ഞു നടന്നു. വൈകാതെ 1989ല്‍ ശശികല ജയക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തി.

പിന്നീട് പയസ് ഗാര്‍ഡന്‍ ശശികലയുടെ നാടായ മന്നാര്‍ഗുഡിയുടെ തനിപ്പകര്‍പ്പായി കാരണം ശശികലയുടെ പരിചയക്കാരാണ് പോയസിലെ പരിചാരകവൃന്ദമായത്. 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ശശികല അമ്മയുടെ മറ്റു കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരുടെ അനുവാദമില്ലാതെ ജയയെ കാണാന്‍ അനുമതി ലഭിക്കുക ദുഷ്‌കരമായി. ശശികലയുടെ മരുമകന്‍ സുധാകരന്‍ ജയയുടെ ദത്തുപുത്രനാവുകയും 1995ലെ സുധാകര വിവാഹത്തിലെ ആറു കോടിയുടെ ആഡംബരം ജയയെ വെട്ടിലാക്കുകയും ചെയ്തു.

ഇതോടെ വിമര്‍ശന മുനയമ്പുകള്‍ ഒടിക്കാന്‍ 1996ല്‍ ആദ്യമായി ജയ ശശികലയെ പരിത്യജിച്ചു. ഇനി ബന്ധമില്ലെന്നും ആരേയും നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും തന്നെ കരുവാക്കി ചിലര്‍ അഴിമതി നടത്തിയെന്നും ജയലളിത ഉറക്കെ പറഞ്ഞു.പക്ഷേ അധികകാലം ശശികലയും ജയയും അകന്നുനിന്നില്ല. ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി.

പിന്നീട് കണ്ടതും ശശികലയുടെ ബന്ധുക്കളുടെ ഉയര്‍ച്ചയാണ്. പാര്‍ട്ടി വിഭാഗങ്ങളുടെ തലപ്പത്തും എംഎല്‍എ എംപി സ്ഥാനങ്ങളിലേക്കും റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേറ്റ് മേഖലകളിലേക്കും ശശികല ബ്രിഗേഡിലുള്ളവര്‍ ഉയര്‍ച്ച കൈവരിച്ചു.പിന്നീട് ശശികലയുടെ സ്ഥാനത്തിന് വലിയ തോതില്‍ ഇളക്കം തട്ടിയത് 2011ലാണ്. മൂന്നാമത് അധികാരത്തിലെത്തിയ ജയ ശശികലയേയും പരിവാരങ്ങളേയും ആറ് മാസത്തിനുള്ളില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കി. ‘നമതു എംജിആര്‍’ പബ്ലിഷര്‍ പദവി ശശികലയില്‍ നിന്ന് തിരിച്ചെടുത്ത് ‘മന്നാര്‍ഗുഡി’ സംഘത്തിനെതിരെ ശക്തമായ നടപടികളാരംഭിച്ചു.

ഭരണതലപ്പത്തും പൊലീസിലും മറ്റ് സംരംഭങ്ങളുടെ തലപ്പത്തും നടത്തിയ അഴിച്ചുപണികള്‍ നിരവധി. പക്ഷേ പിന്നീട് വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ ശശികല തിരിച്ചുവന്നു ജയക്ക് അരികിലേക്ക്. അതും ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ച്. കരുണാനിധി ചേരിയിലെ നടരാജനെ ഒരു പടി അകലം നിര്‍ത്തിയ ജയക്ക് അരികിലെത്താന്‍ നടരാജനെ ഉപേക്ഷിച്ചായിരുന്നു ശശികലയുടെ മടക്കം. തിരിച്ചു വരവും പോയസ് ഗാര്‍ഡനിലെ താമസവും എല്ലാം വളരെ വേഗം പഴയരീതിയിലായി. എന്നാല്‍ കൈയടക്കത്തോടെ ശശികലയുടെ മടങ്ങി വരവ് ഒരകലത്തില്‍ നിര്‍ത്താന്‍ തലൈവി പൊതുവേദിയില്‍ ശ്രദ്ധിച്ചു.

എനിക്ക് വേണ്ടി ഒരുപാട് ശശികല സഹിച്ചിട്ടുണ്ട്, എന്റെ അമ്മയ്ക്ക് ശേഷം ആ ഒരു സ്‌നേഹവും കരുതലും നല്‍കിയതും എന്റെ രോഷപ്രകടനങ്ങളും അതിന്റെ ഫലങ്ങളും അനുഭവിച്ചതും അവളാണെന്ന് മറയില്ലാതെ ജയ തുറന്നു സമ്മതിക്കുമായിരുന്നു. തോഴിയും കൂട്ടുകാരിയും പിന്നെയും എന്തൊക്കെയോ ആണ് ശശികല എന്ന് ജയ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു. ജയ അരങ്ങൊഴിഞ്ഞപ്പോള്‍ ശശികല പ്രാധാന്യം നേടിയതും അതിനാലാണ്. ജയലളിത എന്ന നേതൃപാടവവും മേധാശക്തിയും കൂര്‍മ്മ ബുദ്ധിയുമുണ്ടായിരുന്ന രാഷ്ട്രീയ നേതാവിന്റെ പിന്‍ഗാമിയാവുക എന്നതാണ് ശശികലയ്ക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.