ദളിത് സ്നേഹം പ്രസംഗത്തിലും സമ്മേളന വേദിയിലും സിപിഎം ഭരിക്കുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം

പ്രതിഷേധ സൂചകമായി ദളിത് വിഭാഗക്കാര്‍ കളക്ട്രേറ്റിനു
മുന്നില്‍ 72 മണിക്കൂര്‍ നിരാഹാരമിരിക്കുന്നു

നമുക്ക്് ജാതിയില്ലെന്ന വിളംബര ഘോഷയാത്ര, യുവജന വിഭാഗത്തിന്റെ ദേശീയ സമ്മേളനം രോഹിത് വെമൂല മഞ്ചില്‍. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ ദല്‍ത് വിഷയത്തില്‍ സിപിഎം നിലപാട് ദളിത് വിരുദ്ധം. വര്‍ഷങ്ങളായി സിപിഎം ഭരണം നടത്തുന്ന ക്ഷേത്രത്തില്‍ ദളിതരോട് അയിത്തം.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ടാണ് വര്‍ഷങ്ങളായി അയിത്തം നിലനില്‍ക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റ് സമുദായക്കാരുടെ വീടുകളിലെല്ലാം വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ തിരുവായുധം എഴുന്നെളളിപ്പ് സന്ദര്‍ശനം നടത്തുമ്പോള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളില്‍ എഴുന്നള്ളത്ത് നടത്താറപില്ല. പ്രശ്നത്തില്‍ പോലീസും ജില്ലാ ഭരണകൂടവും ഇടപെട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചങ്കിലും സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രസമിതി ഒരു ഒത്തു തീര്‍പ്പിനും വഴങ്ങാന്‍ തയാറല്ല. ഇതോടെപ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് ദളിത് വിഭാഗത്തിലെ നാട്ടുകാര്‍. ഏതാനും വര്‍ഷങ്ങളായി ദളിത് വിഭാഗങ്ങളും സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രസമിതിയും തമ്മില്‍ പ്രദേശത്ത് ഇതേച്ചൊല്ലി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ക്ഷേത്രഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗക്കാരായ പ്രദേശവാസികള്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ 72 മണിക്കൂര്‍ സത്യഗ്രഹ സമരം ആരംഭിച്ചു. ഫെബ്രുവരി 8 മുതല്‍ 12 വരെയാണ് ഉത്സവത്തിന് മുന്നോടിയായുളള എഴുന്നളളത്ത് ഈ വര്‍ഷവും അയിത്താചരണം നിലനിര്‍ത്താനാണ് സിപിഎം നീക്കങ്ങള്‍ നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടം പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടിരുന്നുവെങ്കിലും ക്ഷേത്ര കമ്മറ്റി ഈ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.

ദളിതര്‍ക്കെതിരായ അയിത്തം അവസാനിപ്പിക്കുക, അയിത്തം ആചരിച്ചതിന് ക്ഷേത്രസമിതിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക, ദളിതര്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ജാതീയത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ രാഷ്ട്രീയ സഭയുടെ നിരാഹാര സത്യഗ്രഹം. കേരളം മുഴുവന്‍ ജാതിയില്ലെന്ന് പറഞ്ഞ് പ്രസംഗിച്ച് നടന്ന സിപിഎം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യത്തിലെ അയിത്താചരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സി.കെ.ജാനു പറഞ്ഞു.