കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും രാഷ്ട്രീയ വിഭാഗങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്നതിലും ദുരുദ്ദേശത്തോടു കൂടി ബോധപൂര്‍വ്വമാണ് ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയില്‍ കാണുന്ന വ്യക്തികളെ വേര്‍തിരിച്ചറിയാനോ പരിപാടിയുടെ ഉദ്ദേശത്തെ മനസ്സിലാക്കാനോ സാധിക്കുന്നില്ലെങ്കില്‍ കൂടി വീഡിയോ പോസ്റ്റ് ചെയ്തത് രാഷ്ട്രീയ വൈരാഗ്യത്തിന്റേയും താല്‍പര്യത്തിന്റേയും അടിസ്ഥാനത്തില്‍ ദുഷ്ടലാക്കോടെയാണ്. ഇത് തികച്ചും ബോധപൂര്‍വ്വം ക്രിമിനല്‍ ഉദ്ദേശത്തോട് കൂടിയാണ് ചെയ്തിട്ടുളളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂരിനെ കലാഭഭൂമിയാക്കാനുള്ള ദുരുദ്ദേശത്തോടു കൂടിയാണ് ഈ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയും സാമൂഹിക സ്വസ്ഥതയും തകര്‍ക്കാനുള്ള ഈ ശ്രമങ്ങള്‍ ipc 153 a പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും കുമ്മനം രാജശേഖരനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.