കോണ്‍ഗ്രസിന്റെ മുഖമായി കെ.മുരളീധരന്‍: അസ്വസ്ഥരായി ചെന്നിത്തലയും സുധീരനും

എസ് ശ്രീജിത്ത്‌


ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ശക്തനായി മാറുകയാണ് കെ.മുരളീധരന്‍. ഒപ്പം കോണ്‍ഗ്രസിന്റെ ജനകീയ മുഖമായും. എം.എല്‍.എ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മുരളീധരന്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും ശക്തനായിരിക്കുകയാണ്. സ്വന്തമായി ഗ്രൂപ്പുണ്ടാക്കുകയെന്നതാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുരളീധരനും ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാണ്. കോഴിക്കോടുള്ള വ്യക്തിബന്ധങ്ങളും തിരുവനന്തപുരത്തെ പ്രവര്‍ത്തന മികവും ഒപ്പം കെ.കരുണാകരന്റെ മകനെന്ന പരിഗണനയും കൂടിയാകുമ്പോള്‍ മുരളീധരന് ഈ ലക്ഷ്യം അനായാസമായി നേടാം.

ലോ അക്കാദമി വിഷയത്തില്‍ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ നടത്തുന്ന നിരാഹാര സമരം മുരളീധരന് നല്‍കുന്ന പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല. അതും ബിജെപിക്ക് ശേഷം മാത്രം സമരം തുടങ്ങിയെന്ന നാണേക്കേട് പേറുന്ന പ്രതിപക്ഷത്തിനിടയില്‍. അതേസമയം ഈ വിഷയത്തില്‍ മുരളീധരന്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ അസ്വസ്ഥരാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ പൂര്‍ണ സഹകരണം ഈ സമരത്തില്‍ മുരളീധരന് ലഭിച്ചെന്നും പറയാനാകില്ല.

മുരളി ശക്തനാകുന്നതിന്റെ അപകടം മനസിലാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് മുരളീധര അനുകൂലികളുടെ ആരോപണം. കൊടിവച്ച കാറില്‍ പറക്കുന്നുണ്ടെന്നതല്ലാതെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. രമേശിന് ലഭിക്കുന്നതിനേക്കാള്‍ ജനശ്രദ്ധ ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുന്നുമുണ്ട്. ഇതില്‍ രമേശ് ചെന്നിത്തല നേരത്തെ തന്നെ അസ്വസ്ഥനാണ്. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയുമായി വേണ്ടവിധം സഹകരിക്കാത്ത സാഹചര്യത്തില്‍. ഇതിനിടയില്‍ മുരളീധരന്‍ കൂടി വളരുന്നത് തന്റെ സ്ഥാനത്തിന് വെല്ലുവിളിയാകുമെന്ന് രമേശിനറിയാം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് തന്നോടുള്ള വിരോധവും രമേശ് ചെന്നിത്തലയെ അലട്ടുന്നുണ്ട്.k-murali_0

ഇതേ വിഷമത്തില്‍ തന്നെയാണ് വി.എം.സുധീരനും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടാത്ത അധ്യക്ഷന്‍ എന്ന നിലയിലാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്റെ പിന്‍ബലമില്ലാതിരുന്നിട്ടും സുധീരന് സ്ഥാനം നഷ്ടമാകാത്തത് സമവായത്തിനുള്ള ഒരു നിര്‍ദ്ദേശമുണ്ടാകാത്തതുകൊണ്ടാണ്. മുരളീധരന്‍ എല്ലാവര്‍ക്കും സ്വീകാര്യനാകുന്ന സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ഈ അപകടം മണത്താണ് സമരത്തിനുള്ള പിന്തുണ സുധീരന്‍ ചാനല്‍ കാമറയ്ക്ക് മുന്നില്‍ മാത്രമാക്കി മാറ്റിയതെന്നാണ് വിമര്‍ശനം.

ജനകീയ മുഖം വീണ്ടെടുത്ത മുരളീധരന്‍ തന്നെയാണ് കുറച്ചു ദിവസമായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറിയിരിക്കുന്നത്. ബിജെപി രാഷ്ട്രീയമായി മുതലാക്കിയ ലോ അക്കാദമി സമരത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തത് കൈപിടിച്ചുയര്‍ത്തിയത് കെ മുരളീധരനാണെന്നതില്‍ സംശയമില്ല. ഇതൊക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ മുരളീധരന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതും. ഇതെല്ലാം തന്നെ പാര്‍ട്ടിക്കുള്ളില്‍ മുരളീധരന് സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അളവറ്റ പിന്തുണയും മുരളിക്ക് പുതിയ മുഖം നല്‍കുന്നു.