ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ചേര്‍ത്തലന്മ ചേര്‍ത്തല വയലാറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തിനിടെയാണു നന്ദു മരിച്ചത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 8 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായി. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. കണ്ടാല്‍ അറിയാവുന്ന 16 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.

വയലാറിലെ ആര്‍എസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്ണന്‍. ഇടതു കൈക്കു വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ആര്‍എസ്എസ് പ്രവര്‍ത്തകനും സുഹൃത്തുമായ കെ.എസ്. നന്ദുവിനെ (22) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയലാര്‍ മേഖലയില്‍ പൊലിസ് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധസൂചകമായി വ്യാഴാഴ്ച ആലപ്പുഴയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് എസ്ഡിപിഐ പ്രചാരണ ജാഥ നടത്തിയിരുന്നു. ഇതിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് എസ്ഡിപിഐയും ആര്‍എസ്എസും പ്രകടനം നടത്തി.പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും സംഘര്‍ഷവുമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.