ഹൈറേഞ്ച് സംരക്ഷണ സമിതി പിളര്‍പ്പിലേക്ക്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ കടുത്ത ഭിന്നത

ബിഷപ്പിനും വൈദികര്‍ക്കുമെതിരെ പരസ്യ നിലപാടുമായി നാട്ടുകാര്‍ 

കൈയ്യേറ്റങ്ങള്‍ക്കും ക്വാറികള്‍ക്കും ഇടുക്കി ബിഷപ്പും കൊച്ചുപുരയ്ക്കല്‍ അച്ചനും കൂട്ടുനിന്നെന്ന് ആരോപണം 

ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിന്‍െറ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ഒരുവിഭാഗം വൈദികര്‍ 

 

-എബി ജോണ്‍-

ഫാദര്‍ കൊച്ചുപുരയ്ക്കല്‍, ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍
ഫാദര്‍ കൊച്ചുപുരയ്ക്കല്‍, ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍

തൊടുപുഴ: പാലും തേനും ഒഴുകുന്ന കാനാൻ ദേശം നൽകുമെന്ന് പ്രലോഭിപ്പിച്ച് വിശ്വാസികളെയും പൊതുജനങ്ങളെയും വഞ്ചിക്കുന്നവർക്കെതിരെ ഇനിയും വഞ്ചന തുടർന്നാൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കേണ്ടിവരുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ഒരു വിഭാഗം പ്രവർത്തകർ. ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാനും, പട്ടയം നൽകാനും ഇടതുമുന്നണി വേണമെന്ന നിലപാട് സ്വീകരിച്ച സമിതി നേതാക്കൾ പുതിയ സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും നോക്കുകുത്തികളായി മാറിയെന്നും ഇവർ ആരോപിക്കുന്നു.

ഇന്നലെ ചേർന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ ബോഡി യോഗത്തിലായിരുന്നു നേതാക്കൾക്കെതിരായ വിമർശന ശരങ്ങൾ. സമിതി കൺവീനർ ഫാ: സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, ഇടുക്കി എം.പി ജോയ്സ് ജോർജ് എന്നിവർക്കെതിരെയായിരുന്നു പ്രധാന വിമർശനങ്ങൾ . ഇതോടെ ജനുവരി 30 ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രതിഷേധം അറിയിക്കാമെന്ന് നേതാക്കൾ ജനറൽ ബോഡിയെ അറിയിച്ചു. ഇത്രയും വിമർശനം ഉണ്ടായിട്ടും നേതാക്കളുടെ മെല്ലെപ്പോക്കിൽ കടുത്ത അസംതൃപ്തിയിലാണ് സമിതി പ്രവർത്തകർ.

കസ്തൂരിരംഗൻ, പട്ടയ വിഷയങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി കടുത്ത പ്രതിഷേധത്തിനും സമരത്തിനും, ഹർത്താലിനുമൊക്കെയാണ് മൂന്നു വർഷത്തിനിടെ ഇടുക്കി വേദിയായത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കാലത്ത് കസ്തൂരിരംഗൻ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ച പി.ടി തോമസിനെതിരെ കടുത്ത പ്രതിഷേധമാണ് സമിതി സ്വീകരിച്ചിരുന്നത്. സമിതിയുടെ പിന്തുണയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജിനെ ലോക്‌സഭയിലെത്തിച്ച് എല്‍ഡിഎഫും മുന്നണിയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബന്ധം തുടര്‍ന്നു.

എന്നാൽ അധികാരത്തിലെത്തിയ ഇടതു സർക്കാർ വാഗ്ദാനങ്ങൾ മറന്നുവെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നത്. സമിതിയുടെ നേതൃത്വ നിരയിലുള്ള ചിലർക്ക് വ്യക്തിപരമായ നേട്ടമുണ്ടായത് മാത്രമാണ് എക ഗുണമെന്നാണ് ഇവരുടെ ആരോപണം. ഇടുക്കി രൂപതയ്ക്കും, ചുരുക്കം ചില വിശ്വാസികൾക്കും ചില നേട്ടങ്ങൾ ഉണ്ടായി. ഇവരുടെ ക്വാറികൾക്കും കയ്യേറ്റങ്ങൾക്കും ബിഷപ്പും കൊച്ചുപുരയ്ക്കൽ അച്ചനും കൂട്ടുനിന്നു. പലരുടെയും അനധികൃത ഇടപെടലുകൾ സംരക്ഷിക്കാൻ പാവപ്പെട്ട നാട്ടുകാരെ ബലിയാടാക്കിയെന്നുമാണ് ആക്ഷേപം ഉയർന്നത്. തങ്ങൾ തെരഞ്ഞെടുത്ത എം.പി എന്താണ് ചെയ്യുന്നതെന്നും ഇവർ ചോദിച്ചു. ഇതോടെ സർക്കാരിന് കുറച്ചു സമയം നൽകാമെന്നും അതുകൊണ്ടും ഫലമുണ്ടായില്ലെങ്കിൽ സമരത്തിലേക്കു പോകാമെന്നുമുള്ള തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.

ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ പൂര്‍ണമായി ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലയിലെ കർഷകരുടെ പ്രധാന ആവശ്യം.പട്ടയ അപേക്ഷകന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഉത്തരവിനെതിരെയും പ്രതിഷേധമുണ്ട്. പത്തുചെയിന്‍ മേഖല, സെറ്റില്‍മെന്റ് ഏരിയ, അലോട്ട്‌മെന്റ് ഭൂമി, ഷോപ്പ് സൈറ്റ് തുടങ്ങിയ മേഖലകള്‍ക്ക് പട്ടയം നല്‍കാന്‍ നടപടിയില്ലാത്തതും എതിര്‍പ്പിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അടിയന്തിര തീരുമാനം ഉണ്ടാകണമെന്നാന്ന് സമിതി പ്രവർത്തകരുടെ ആവശ്യം. അതിനിടെ ഫാ: സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്റെ രാഷ്ട്രീയ നിലപാടിനെതിരെ ഇടുക്കി രൂപതയിലെ വൈദീകർക്ക് തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.