സി.പി.എം ഭരണസമിതി നിയന്ത്രണത്തിലുള്ള അഴീക്കല്‍ പാമ്പാടി ആലിന്‍കീഴിലെ ക്ഷേത്ര ചടങ്ങില്‍ ദളിതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ ജാതി വിവേചനത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രക്ഷോഭസമിതി. ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളത്ത് ചടങ്ങിന് മുന്നോടിയായി വിവിധ ജാതി വിഭാഗത്തിലുള്ളവര്‍ക്ക് വ്യത്യസ്ത കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജെ.ആര്‍.എസ്. ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ ആരോപിച്ചു.
വര്‍ഷത്തിലൊരിക്കല്‍ എട്ടു സമുദായക്കാരുടെ വീടുകളില്‍ കോമരം എഴുന്നള്ളുമ്പോള്‍ പുലയരുടെ വീടുകള്‍ മാത്രം ഒഴിവാക്കുന്നതിനായി രണ്ടു നിറത്തിലുള്ള കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഈ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ആ വീടുകളില്‍ കോമരം കയറുകയുള്ളൂ. തീയ്യ സമുദായത്തിന് മഞ്ഞ നിറത്തിലുള്ള കാര്‍ഡും മറ്റ വിഭാഗങ്ങല്‍ക്ക് റോസ് കാര്‍ഡും ഇറക്കിയപ്പോള്‍ പുലയ വിഭാഗത്തിന് കാര്‍ഡൊന്നും വിതരണം ചെയ്തിട്ടില്ല.
ജാതി വിവേചനത്തെ ചോദ്യം ചെയ്തതിന് പ്രദേശത്തെ സി.പി.എം അനുഭാവികള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി വീട്ടമ്മയും ഇന്നലെ രംഗത്തെത്തി. പ്രദേശത്തെ 400-ഓളം പുലയ സമുദായത്തിന്റെ വീടുകളെ മാത്രം ചടങ്ങില്‍ നിന്നും ഒഴിവാക്കുന്നത് മനപ്രയാസമുണ്ടാക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ അത്രയ്ക്കും പ്രയാസമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്‌തോളുവെന്നായിരുന്നു മറുപടിയെന്ന് അഴീക്കോട് സ്വദേശി എം. ജീജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ പൂര്‍വ്വികര്‍ മിശ്ര വിവാഹം ചെയ്തവരാണ്.
കൂടാതെ സി.പി.എം പ്രവര്‍ത്തകരും. എന്നിട്ടു പോലും തിരുവായുധം എഴുന്നള്ളിപ്പില്‍ ജാതിവിവേചനം തുടരുന്നു. ചോദ്യം ചെയ്യുന്നവരെ ചിലര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ജീജ കുറ്റപ്പെടുത്തി. ഇതിനിടെ പ്രക്ഷോഭ സമിതി ഓഫീസിന് മുന്നില്‍ ഭീഷണിക്കുറിപ്പുമായി ഇന്നലെ റീത്ത് പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന കുറിപ്പോടെയാണ് ജെ.ആര്‍.എസ് ഓഫീസിന് മുന്നില്‍ റീത്ത് കാണപ്പെട്ടത്.
സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്റെ പ്രസ്താവന ജാള്യത മറക്കാനുള്ള പാഴ് ശ്രമമാണെന്ന് സുനില്‍കുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ചടങ്ങിലെ അയിത്താചരണം വിവാദമായത് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
2015-ലാണ് ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നത്. ക്ഷേത്രത്തില്‍ അത്തരമൊരു അയിത്താചരണം ഇല്ലെങ്കില്‍ പിന്നെന്തിനാണ് 2015-ല്‍ അന്നത്തെ ജില്ലാ കളക്ടര്‍ പി. ബാലകിരണിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍്പ്പ് വ്യവസ്ഥയുണ്ടാക്കിയത്. വിഷയത്തില്‍ പൗരാവകാശ ലംഘന നിയമമനുസരിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ക്ഷേത്രസമിതി ഭാരവാഹികള്‍ക്കെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ ജയരാജന്റെ ആരോപണങ്ങള്‍ പൊള്ളയാണെന്നും തെളിയിക്കുന്നതാണ്. അയിത്തമാചരിക്കുന്നത് ക്ഷേത്രത്തില്‍ 1915-ല്‍ ഉണ്ടാക്കിയ ഒരു വര്‍ഷം മാത്രം പ്രാബല്യമുള്ള നിശ്ചയരേഖയില്‍ മാറ്റം വരുത്തിയെങ്കിലും അയിത്താചരണം അതേപോലെ ഇന്നും തുടരുകയാണ്, അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജെ.ആര്‍.എസ്. ജില്ലാ പ്രസിഡന്റ് പ്രസീത അഴീക്കോട്, സംസ്ഥാന കമ്മിറ്റിയംഗം മീനാക്ഷി ശ്രീധരന്‍, ജില്ലാ കമ്മിറ്റിയംഗം സനല്‍ജിത്ത് നുരിച്ചാടന്‍ എന്നിവരും പങ്കെടുത്തു.
 
            


























 
				
















