തിയേറ്റര്‍ സമരം നടത്തി വെട്ടിലായി: ലിബര്‍ട്ടി തിയേറ്ററുകള്‍ പൊളിക്കുന്നു

തിയേറ്റര്‍ സമരം നടത്തി വെട്ടിലായതോടെ തലശ്ശേരി എ വി കെ നായര്‍ റോഡ്, മഞ്ഞോടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ ഒരുമാസക്കാലത്തോളം കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ നല്‍കിയതോടെ, മധ്യതിരുവിതാംകൂര്‍ ഭാഗങ്ങളില്‍നിന്നു വന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നതാണ് തിയേറ്ററിനെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സര്‍ക്കാര്‍ മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍ സമരം പിന്‍വലിച്ചശേഷം മാത്രമേ ചര്‍ച്ചചെയ്യുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനം വന്നതോടെ സമരം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ നിന്ന് അംഗങ്ങള്‍ കൊഴിഞ്ഞുപോവുകയും നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ബദല്‍ സംഘടന രൂപീകരിക്കുകയും ചെയ്തു.

ഇതു പ്രതിരോധിക്കുന്നതില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പരാജയപ്പെട്ടതോടെയാണ് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. എന്നാല്‍, റിലീസ് ചെയ്യുന്ന മലയാളം പടങ്ങള്‍ ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് നല്‍കില്ലെന്ന ബദല്‍ സംഘടനയുടെ കടുത്ത തീരുമാനമാണു തിരിച്ചടിയായതെന്ന് ഉടമ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തലശ്ശേരി മഞ്ഞോടിയില്‍ ലിബര്‍ട്ടി ബഷീര്‍ സ്ഥാപിച്ച ആധുനിക തിയേറ്ററില്‍ ‘കുര്‍ബാനി’ എന്ന സിനിമയായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഫിറോസ്ഖാന്‍ നായകനായ കുര്‍ബാനി, ഷോലെ സിനിമയോളം ഉത്തരേന്ത്യയിലും കേരളത്തിലും ശ്രദ്ധേയമായ സിനിമയായിരുന്നു. തലശ്ശേരിയില്‍ സിനിമാ തിയേറ്ററുകള്‍ ആധുനികവല്‍ക്കരിക്കാന്‍ തുടങ്ങിയത് ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയില്‍ തിയേറ്ററുകള്‍ ആരംഭിച്ചതോടെയാണ്.

കാണികളുടെ അഭിരുചിക്കനുസൃതമായ സീറ്റ് അറേഞ്ച്മെന്റുകളും മറ്റും ക്രമീകരിച്ച തിയേറ്ററുകള്‍ നിര്‍മിച്ചതോടൊപ്പം തലശ്ശേരിയിലെ ആദ്യ എയര്‍കണ്ടീഷന്‍ തിയേറ്റര്‍ സ്ഥാപിച്ചതും ലിബര്‍ട്ടി ബഷീറായിരുന്നു. എ വി കെ നായര്‍ റോഡിലെ ലിബര്‍ട്ടി പാരഡൈസ് കോംപ്ലക്സ് കൂടി അടച്ചുപൂട്ടുന്നതോടെ തലശ്ശേരിയില്‍ സ്വകാര്യ നിയന്ത്രണത്തിലുള്ള തിയേറ്ററുകള്‍ ഇല്ലാതാവും. നേരത്തേ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഭ, ലോട്ടസ്, മുകുന്ദ് പങ്കജ് തിയേറ്ററുകളും നഗരപരിധിക്ക് പുറത്തുള്ള ധര്‍മടത്തെ ധര്‍മ മൂവീസ്, ചിറക്കുനിയിലെ പത്മ എന്നീ തിയേറ്ററുകളും നേരത്തേ അടച്ചുപൂട്ടിയിരുന്നു. പരിസരത്തുള്ള മാഹി, ചൊക്ലി എന്നിവിടങ്ങളിലും സിനിമാ തിയേറ്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ലിബര്‍ട്ടി തിയേറ്ററുകള്‍ പ്രതിവര്‍ഷം രണ്ടുകോടിയിലേറെ രൂപയാണ് തലശ്ശേരി നഗരസഭയ്ക്ക് നികുതിയിനത്തില്‍ നല്‍കാറുള്ളത്.

തിയേറ്റര്‍ അടച്ചുപൂട്ടുന്നതോടെ നഗരസഭയുടെ പ്രതിവര്‍ഷ വരുമാനത്തിലും കുറവുണ്ടാവും.സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സെക്രട്ടറി എന്ന നിലയില്‍ കര്‍ശന തീരുമാനങ്ങളെടുക്കുകയും അതു നടപ്പാക്കുന്നതില്‍ കണിശത കാട്ടുകയും ചെയ്തതാണ് ലിബര്‍ട്ടി ബഷീറിനു തിരിച്ചടിയായത്.തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നതോടെ വര്‍ഷങ്ങളായി ജോലിചെയ്തിരുന്ന 50ഓളം തൊഴിലാളികളും അവരുടെ കുടുംബവും പ്രതിസന്ധിയിലാവും. 1997 മുതലുള്ള ലിബര്‍ട്ടി പാരഡൈസ് കോംപ്ലക്സിനും താഴുവീഴുന്നതോടെഎ വി കെ നായര്‍ റോഡിന് പ്രതാപം നഷ്ടപ്പെടും.