“സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം”

മാത്യു ജോയ്‌സ്‌

“സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം” ഇത്രയും പ്രത്യക്ഷമായി ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാഷ്ട്രത്തലവനെ നേരിട്ട് ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായിരിക്കാം. അമേരിക്കന്‍ പ്രസിഡണ്ട്‌ ആയി അവരോധിക്കപ്പെട്ടത്തിന്റെ ഏതാനും ദിവസ്സങ്ങള്‍ക്കുള്ളില്‍ ഡോണാള്‍ഡ ട്രമ്പ്‌ ലോകപോലീസ് തലവനായി ചമഞ്ഞ്, കഴിഞ്ഞ വെള്ളിയാഴ്ച, ഇറാന്‍ മുഖ്യന്‍ ഹസ്സന്‍ റൌഹാനിയെ  വെല്ലുവിളിച്ചത് നിസ്സാര സംഗതിയല്ല.

ലോകത്തില്‍ ഭീകരത സംജാതമാക്കുന്ന ഏറ്റവും വന്‍ സഹായി ഇറാന്‍ തന്നെയെന്ന് അമേരിക്കന്‍ ഡിഫെന്‍സ് ചീഫ്  തറപ്പിച്ചു പറഞ്ഞ് കഴിഞ്ഞു. ഇറാന്‍ എന്നത്തേക്കാളും ശക്തിയാര്‍ജിച്ചിട്ടുള്ളതിനാല്‍, ട്രമ്പിന്റെ ഏറ്റവും അടുത്ത ഉപദേശകവൃത്തത്തിലുള്ളവര്‍ പോലും ടെഹറാന് എതിരായി കടുത്ത നിലപാടുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനിടെ, ഭീകരവാദികളെ തുടച്ചുനീക്കാനുള്ള ഏതു സത്യസന്തമായ ശ്രമത്തിലും അമേരിക്കന്‍ സൈന്യത്തെ തന്‍റെ രാജ്യത്ത് വിന്യസിപ്പിക്കണമെങ്കില്‍  സ്വാഗതം ചെയ്യാനും സന്തോഷമേയുള്ളുവെന്ന് സിറിയന്‍ പ്രസിഡണ്ട്‌ ബാഷര്‍ അസ്സാദ് പ്രസ്ഥാവിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച ഇറാന്‍റെ ബാലിസ്ടിക് മിസ്സൈലിന്റെ പരീക്ഷണ വിസ്പോടനം നടത്തിയത്തിനു പിന്നാലെ, ഒബാമ ഭരണകാലത്തെ മര്യാദയോന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇറാന് ആവശ്യമായ മുന്നറിയിപ്പ് നല്കിക്കഴിഞ്ഞെന്നും ട്രമ്പ്‌ പറഞ്ഞിരുന്നു.

സിറിയയിലും യമനിലും ഇറാക്കിലും സര്‍വ്വായുധങ്ങളും കൈകാര്യം ചെയ്തുകൊണ്ട് ഇറാന്‍റെ പരിചയ സമ്പന്നരായ റവലൂഷ്യനറി ഗാര്‍ഡ് കോര്‍പ്സ് മദ്ധ്യ പൂര്‍വ രാജ്യങ്ങളില്‍ വന്‍ സൈനികശക്തിയായി വളര്‍ന്ന് വരുന്നതും അമേരിക്കയ്ക്ക് ഒരു ചോദ്യചിഹ്നമായിക്കഴിഞ്ഞു. ഈ വളര്‍ച്ചക്ക്‌ വലം വെച്ചുകൊടുത്തത് ഒബാമ ഭരണകൂടം തന്നെ ആയിരുന്നുവേന്നുള്ള ആക്ഷേപത്തിനും കഴമ്പില്ലാതില്ല. കാരണം 2016 ജനുവരി പ്രകാരം 100 ബില്ല്യണ്‍ ഡോളറിലധികം വരുന്ന വ്യാപാര ഉടമ്പടികള്‍ ഇറാന് പ്രത്യക്ഷമായും അതിലധികം വിദേശക്കമ്പനികളുടെ നിക്ഷേപങ്ങളും കുമിഞ്ഞുകൂടിയതിനാല്‍ അവരുടെ സൈനീക ബട്ജറ്റിലും വന്‍ വര്‍ധനവ്‌ വരുത്തിയിരുന്നു. സമീപരാജ്യങ്ങളിലുള്ള അമേരിക്കന്‍ ബെയ്സ്സുകളെ തകര്‍ക്കാനുള്ള മിസ്സൈല്‍ ഇറാന്‍റെ കൈവശം ഇപ്പോള്‍ തന്നെയുണ്ടെന്നതും അമേരിക്കയ്ക്ക് അറിയാം.

സിറിയയില്‍ കലഹം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്  വെറുതെയല്ല, കാരണം റഷ്യയാണ് ഇറാനോട് കൂട്ടുപ്രതി ആയി വര്‍ത്തിക്കുന്നത്. ഇറാക്കില്‍ 6000 ത്തിലധികം അമേരിക്കന്‍ സൈനികരും നൂറുകണക്കിന് അമരിക്കന്‍ ഉപദേശകരും മൊസുള്‍ പ്രൊവിന്‍സില്‍ നിന്നും കിഴക്കോട്ടു മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്. ഇറാനിയന്‍ സൈന്യവ്യൂഹങ്ങള്‍ മൊസൂള്‍ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലൂടെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും ഇസ്ലാമിക് ഭീകരന്മാരെ ഒതുക്കാന്‍ പോകുമ്പോള്‍ അങ്കംവെട്ടി പൊരുതാന്‍ അമേരിക്കയ്ക്ക് നേര്‍ക്കുനേര്‍ റഷ്യ അപ്പോള്‍ രംഗപ്രവേശം ചെയ്‌താല്‍ പിന്നെ എല്ലാം പിടിവിട്ട കളികള്‍ തന്നെ.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാന്റെ പിന്‍ബലമുള്ള ഹെസ് ബോള്ള ഗ്രൂപ്പ് വഴികളില്‍ ബോംബുകളും മോര്ട്ടാരുകളും കുഴിച്ചിട്ടു നൂറു കണക്കിന് അമേരിക്കന്‍ ട്രൂപ്പുകളെ കൊന്നോടുക്കിയ ഭീകര ചിത്രങ്ങള്‍ ഇന്നും നടുക്കം ഉളവാക്കിക്കൊണ്ടിരിക്കുന്നവയാണ്. ഇന്നും അവസരം കിട്ടിയാല്‍ അമേരിക്കന്‍ പട്ടാളത്തെ കൊന്നൊടുക്കാന്‍ അവര്‍ക്ക് യാതൊരും മടിയും കാണിക്കയില്ല. കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ അറബ് രാഷ്ട്രങ്ങളില് ഉരുത്തിരിയുന്ന അമേരിക്കന്‍ വിരോധം ഇപ്പോള്‍ അവര്‍ക്ക് നേരെ തോക്ക് ചൂണ്ടാന്‍ തക്കവിധം പാകപ്പെട്ടു കഴിഞ്ഞുവെന്ന് തോന്നുന്നു.

ഇറാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണ്ട് മുതലേ ചൂട്ടു പിടിക്കുന്നുവേന്നതിനു സ്വല്പം ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇറാന്‍ ഷായുടെ പരമാധികാരത്തില്‍ ആയിരുന്ന കാലത്ത് അമേരിക്കയുടെ അടുത്ത സൌഹൃദത്തില്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് എതിരാണെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒത്തുപിടിച്ചു കൊട്ടിഘോഷിച്ചുകൊണ്ട് നിഷ്കാസിതനായപ്പോള്‍, അമേരിക്ക തെല്ലും സഹായിക്കാന്‍ എത്തിയതുമില്ല. 1979ല്‍ ഷായെ തുരത്തി ആയത്തുള്ള ഖൊമേനി അധികാരം പിടിച്ച അടുത്ത പത്തു വര്‍ഷങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യമായിക്കഴിഞ്ഞിരുന്നു. അതിനു ശേഷം ഹഷേമി റഫ്സഞ്ചാനി അധികാരത്തില്‍ വന്നപ്പോള്‍ ലോകമാസകലം ഭീകരവാദികളുടെ നെറ്റ്വര്‍ക്ക്‌ സൃഷ്ടിക്കുനത്തില്‍ വിജയിക്കുകയും ചെയ്തു.

“ഇറാനാണ് ലോകത്തില്‍ ഭീകര പ്രസ്ഥാനങ്ങള്‍ വളര്‍ത്തുന്നത്, 1990മുതല്‍ ഇതിനെപ്പറ്റി അറിവുണ്ടെങ്കിലും നമ്മുടെ നേതാക്കള്‍ അവയെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടില്ല” 1994 ലെ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി വാറന്‍ ക്രിസ്ടഫര്‍ അന്നുതന്നെ കുട്ടപ്പെടുത്തിയതാണ്. ഇന്നത്തെ ചരിത്രം നോക്കുമ്പോള്‍, എങ്ങനെ ഒരു രാഷ്ട്രത്തിന് അവരുടെ ഇസ്ലാമിക തീവ്രവാദംകൊണ്ട് ലോകവിഗതികളില്‍ നാശകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു.

ഉദാഹരണമായി, ഇസ്ലാമിക തീവ്രവാദികള്‍ അവര്‍ക്ക് വിരോധം തോന്നുന്ന രാഷ്ട്രനേതാക്കളെ വകവരുത്തുന്നതില്‍ യാതൊരു ദയയും കാണിക്കാത്തവര്‍ ആണ്. 1981 കാലഘട്ടത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട്‌ അന്‍വര്‍ അല്‍ സാദത്ത്‌ ലോകനന്മക്കുവേണ്ടി മധ്യപൂര്‍വ രാഷ്ട്രങ്ങളെ ഒരുക്കുന്ന പ്രക്രിയയില്‍ ആയിരുന്നു. തന്‍റെ സ്വന്തം നാട്ടിലെ എതിര്‍പ്പുകള്‍പോലും വകവെയ്ക്കാതെ, ഇസ്രായേലില്‍ സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു മുന്നേറുന്ന സമയത്താണ് തീവ്രവാദികള്‍ അദ്ദേഹത്തെ വധിച്ചത്. 1990 ല്‍ ഈജിപ്റ്റിലെ ഉന്നത ഭരണകൂടത്തില്‍  രണ്ടാം സ്ഥാനംവഹിച്ച പാര്‍ലമെന്റിലെ സ്പീക്കര്‍ രിഫാത് അല്‍ മഗൌബ് നിഷ്ടൂരം വധിക്കപ്പെട്ടു. അവര്‍ തന്നെ അള്‍ജീരിയയിലെ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഹൌഡ്യഫിനെ 1992ലും വക വരുത്തി. 2001 ല്‍ വന്‍ ശക്തിയായ അമേരിക്കയുടെ സിരാകേന്ദ്രത്തില്‍ പോലും ആസൂത്രിതമായ കൂട്ടക്കൊലയ്ക്ക് ചുക്കാന്‍ പിടിക്കത്തക്ക വിധം നശീകരണശക്തിയായി വളര്‍ന്നുകഴിഞ്ഞെങ്കില്‍, കണിശമായും അത് അമേരിക്കയുടെ ബലഹീനത ആയിരുന്നെന്ന് ലോകം അന്നേ വിധി എഴുതിയിരുന്നു. പിന്നീട് തീവ്രവാദികളുടെ ഇടതടവില്ലാത്ത സംഹാര താണ്ഡവമായിരുന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്.

പക്ഷെ ഇങ്ങനെ പോയാല്‍ ലോകം മഹാവിപത്തിലേക്ക് വഴുതിപ്പോകാന്‍ വലിയ താമസ്സം ഇല്ലെന്ന് പലയിടത്തും തോന്നിയതിനാലാവണമല്ലോ, ട്രമ്പ്‌ വിഭിന്നമായ തീരുമാനങ്ങള്‍ ധൃതഗതിയില്‍ വിളിച്ചുപറയുന്നത്‌. “പുലിയായാലും ശരി പന്നി ആയാലും ശരി, ശല്യമെന്ന് തോന്നിയാല്‍ അതിന്‍റെ മടയില്‍ത്തന്നെ ചെന്ന് അവസ്സാനിപ്പിക്കണം” (പുളിമുരുകനോട് കടപ്പാട്)