ശശികലയ്‌ക്കൊപ്പം അപ്രസക്തമാകുന്നത് മന്നാര്‍ഗുഡി മാഫിയയും

ചെന്നൈ: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലാകുന്നതോടെ അധികാര ഇടനാഴികളില്‍നിന്ന് മന്നാര്‍ഗുഡി മാഫിയ എന്ന ഗൂഡസംഘവും തുടച്ചുമാറ്റപ്പെടും.

ജയലളിതയുടെ കാലത്ത് തന്നെ ഭരണത്തില്‍ അവിഹിതമായി ഇടപെട്ടിരുന്ന തോഴി ശശികലയെയും കുടുംബത്തെയും ബി.ജെ.പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യമായി മന്നാര്‍ഗുഡി മാഫിയയെന്ന് വിളിച്ചത്. പിന്നീട് രാഷ്ട്രീയക്കാരും മാധ്യമങ്ങളും അതേറ്റെടുക്കുകയായിരുന്നു.

ജയലളിതയുടെ മരണശേഷം ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം അണിയറയില്‍ തുടങ്ങിയതോടെയാണ് മന്നാര്‍ഗുഡി മാഫിയ കാലങ്ങള്‍ക്ക്‌ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത്.

രാഷ്ട്രീയ അന്തര്‍നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ മാഫിയയെ നിയന്ത്രിച്ചിരുന്നതും ജയലളിതയുടെ ഭര്‍ത്താവായ നടരാജന്‍ ആയിരുന്നു. മുഖ്യമന്ത്രിയെന്ന ലക്ഷ്യവുമായി എതിര്‍പ്പുയര്‍ത്താന്‍ സാധ്യതയുള്ള നേതാക്കളെയെല്ലാം ഈ മാഫിയ വരുതിയിലാക്കുകയായിരുന്നു.

ജയലളിതയുടെ കാലത്ത് ഭരണത്തില്‍ മാന്നാര്‍ഗുഡി മാഫിയയുടെ ഇടപെടല്‍ വിവാദമായതിനെത്തുടര്‍ന്ന്  ശശികലയെയും കുടുംബത്തെയും പോയസ് ഗാര്‍ഡനില്‍നിന്ന് ഇറക്കി വിട്ടിരുന്നു. പിന്നീട് ശശികലയുമായി സൗഹൃദം പുനസ്ഥാപിച്ചെങ്കിലും നടരാജന്‍ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ ജയലളിത അബോധാവസ്ഥയില്‍ ആശുപത്രിയിലായതോടെ നടരാജനും ശശികലയും ഭരണനിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നടരാജനും ശശികലയും സമീപത്ത് നിലയുറപ്പിച്ചത് വാര്‍ത്തയായിരുന്നു.

പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നെങ്കിലും ശശികലയെ ജയലളിതയ്ക്ക് പകരക്കാരിയായി മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കാനുള്ള മന്നാര്‍ഗുഡി മാഫിയ അണിയറയില്‍ തയാറാക്കുകയായിരുന്നു. ശശികലയ്ക്ക് വേണ്ടി പനീര്‍ശെല്‍വം രാജിവച്ചെങ്കില്‍ പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍മറിയുകയായിരുന്നു. രാജിവച്ച പനീര്‍ശെല്‍വത്തിന്റെ മനസ് മാറിയതും എല്ലാം തുറന്ന് പറഞ്ഞതും മന്നാര്‍ഗുഡി മാഫിയയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.

പനീര്‍ശെല്‍വം ഇടഞ്ഞെങ്കില്‍ കൈക്കരുത്തുപയോഗിച്ച് ഈ മാഫിയാസംഘത്തിന് ഭൂരിപക്ഷം എം.എല്‍.എമാരെയും ഒപ്പംനിര്‍ത്താനായി. എന്നാല്‍ അഴിമതിക്കേസില്‍ ശശികല ജയിലിലേക്ക് പോകുന്നത് മന്നാര്‍ഗുഡി സംഘത്തിനേറ്റ കനത്തപ്രഹരമായി. ഏതായാലും ശശികല ജയിലിലിലേക്ക് പോകുന്നതോടെ മന്നാര്‍ഗുഡിയെന്ന മാഫിയാ സംഘവും തമിഴ് രാഷ്ട്രീയത്തില്‍നിന്ന് അപ്രത്യക്ഷമാകുമെന്നുറപ്പാണ്.