സമ്പത്ത് എം.പി മോഷ്ടാക്കളുടെ സ്ഥിരം ഇര: പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചുവരെ പോക്കറ്റടിക്കപ്പെട്ടു

വീണ്ടും മോഷണത്തിന്റെ ഇരയായി എ. സമ്പത്ത് എം.പി ചൊവ്വാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനും സമീപം ജെ.എന്‍.യു സമരത്തില്‍ പങ്കെടുക്കവേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടു.

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനും ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രസംഗിക്കാന്‍ പോയതായിരുന്നു എം.പി.

വൈകിട്ട് നാലേമുക്കാലിനും അഞ്ചരയ്ക്കുമിടയിലായിരുന്നു പ്രസംഗം. അതു കഴിഞ്ഞ ശേഷം പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ കാണാനുണ്ടായിരുന്നില്ല. ഉടന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സാംസങ് ജെ-ഏഴ് മൊബൈല്‍ ഫോണാണ് പോക്കറ്റടിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമ്പത്ത് താമസിക്കുന്ന അശോക റോഡ് 44-ാം നമ്പറിലെ വസതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പലവട്ടം മോഷണമുണ്ടായി.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത് ഇവിടെ വെച്ചായിരുന്നു. 2015 ജൂലായിലായിരുന്നു സംഭവം. 2016 ജനുവരി 21-ന് സമ്പത്തിന്റെ മുറിയിലെ ലാപ്‌ടോപ്പും മൊബൈലും മോഷ്ടിക്കാന്‍ ശ്രമമുണ്ടായി.

ഏപ്രില്‍ 19-ന് കള്ളന്‍ വീണ്ടുമെത്തിയെങ്കിലും സമ്പത്തിന്റെ സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.