തെരുവ് നായ ആക്രമണം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ ശിപാര്‍ശ

തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് 19 പരാതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 33,37000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കോടതിയോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഇതോടൊപ്പം വളര്‍ത്തുനായയുടെ കടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം തേടി സമര്‍പ്പിക്കപ്പെട്ട പരാതികള്‍ സമിതി തള്ളി.

തെരുവ് നായ കാരണം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി പി എസ് ബിജുവിന് മാല ഗ്രാമ പഞ്ചായത്ത് പതിനെട്ടര ലക്ഷം രൂപ നല്‍കണം. സമാനമായ മറ്റൊരപകടത്തില്‍ ഭര്‍ത്താവ് മരിച്ച കൊല്ലം സ്വദേശിനിയായ ഷെമിക്ക് കൊല്ലം കോര്‍പ്പറേഷന്‍ ഏഴു ലക്ഷത്തി അറുപതിനായിരം രൂപയാണ് നല്‍കേണ്ടത് . തെരുവനായയുടെ കടിയേറ്റ തിരുവനതപുരം സ്വദേശിനിയായ മൂന്ന് വയസുള്ള കുട്ടിക്ക് 81,500 രൂപ തിരുവനന്തപുരം കുളക്കട ഗ്രാമ പഞ്ചായത്ത് നഷ്ട പരിഹാരം ലഭ്യമാക്കണമെന്നുമാണ് സമിതി സുപ്രിം കോടതിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തെരുവ് നായകളെ നിയന്ത്രിക്കാന്‍ മതിയായ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തിന്റെ ഉത്തരവാദിത്തം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ തെരുവുനായ ശല്യം പരിശോധിക്കുന്നതിനും, പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സമിതി കോടതിയെ അറിയിച്ചു. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ കളക്ടറോ നഷ്ടപരിഹാരത്തിനായുള്ള ഹിയറിങ്ങുകളില്‍ പങ്കെടുത്തില്ലെന്നാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. നഷ്ടപരിഹാരത്തിനായി വിവിധ ജില്ലകളില്‍ നിന്ന് 402 പരാതികള്‍ ലഭിച്ചു. 402 പരാതികളില്‍ നഷ്ടപരിഹാരത്തിനായുള്ള അവകാശ വാദങ്ങളില്‍ അംഗീകരിക്കപ്പെട്ട 24 എണ്ണത്തില്‍ ആകെ 33,37,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.