exclusive: മെലിയാനായി മോഹന്‍ലാല്‍ പൂമുള്ളി മനയില്‍

തിരുവനന്തപുരം: പുലിമുരുകനും ഒപ്പത്തിനും വേണ്ടി തടിച്ചിരുന്ന മോഹന്‍ലാല്‍ മെലിയുന്നു. ബി.ഉണ്ണികൃഷ്ണന്റെ പേരിടാത്ത സിനിമയില്‍ അഭിനയിക്കുന്നതിനാണ് താരം തടികുറയ്ക്കുന്നത്. ഇതിനായി പാലക്കാട്ട പൂമുള്ളി മനയില്‍ താരം എത്തി. രണ്ടാഴ്ചത്തെ ചികില്‍സ കൊണ്ട് ഭാരം കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥാപാത്രം വി.ആര്‍.എസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ്. അതിനാലാണ് മെലിയാന്‍ തീരുമാനിച്ചത്. മാത്രമല്ല അടുത്തകാലത്തായി ചെയ്ത കഥാപാത്രങ്ങളുടെയല്ലാം ശരീരപ്രകൃതി ഒരുപോലെയായിരുന്നു. കുറേ നാളായി ചിത്രീകരണങ്ങളുടെ തിരക്കിലായതിനാല്‍ ആയൂര്‍വേദ ചികില്‍സകളൊന്നും ചെയ്തുമില്ല. ഇതേ തുടര്‍ന്നാണ് രണ്ടാഴ്ചത്തെ ചികില്‍സയ്ക്ക് തീരുമാനിച്ചത്.

മേജര്‍രവിയുടെ ബിയോണ്ട് ദ ബോര്‍ഡേഴ്‌സിന്റെ ജോര്‍ജിയയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് തിരിച്ചത്. അവിടെ നിന്ന് മൂന്നാറിലെ ചിത്രീകരണ രംഗത്താണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.വിശാലാണ് മറ്റൊരു പ്രധാന താരം. വര്‍ഷങ്ങളായി പുമുള്ളി മനയുമായി മോഹന്‍ലാലിന് അടുത്തബന്ധമാണുള്ളത്. എല്ലാവര്‍ഷവും കര്‍ക്കിടക ചികില്‍സ മുടക്കാതെ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് കൊല്ലമായി നടന്നില്ല. സ്‌പോണ്ട്‌ലൈറ്റിസിന്റെ ചികില്‍സയിലായതിനാലാണ് കര്‍ക്കിടക ചികില്‍സ മുടങ്ങിയത്. അതുപോലെ സുഖചികില്‍സയ്ക്കായും താരം ഇവിടെ എത്താറുണ്ട്.

ദേവദൂതന്‍ എന്ന സിനിമയ്ക്ക് വേണ്ടി താരം പത്ത് കിലോയോളം കുറച്ചിരുന്നു. അതിന് ശേഷം അത്തരത്തില്‍ ശരീരപ്രകൃതി താരം മാറ്റിയിട്ടില്ല. എന്നാല്‍ തടി ആക്ഷന്‍രംഗങ്ങള്‍ക്കോ ഡാന്‍സിനോ തടസമല്ല താനും. ദിവസവും രണ്ട് മണിക്കൂറോളമാണ് താരം വ്യായാമം ചെയ്യുന്നത്. എന്നാല്‍ ഭക്ഷണം നന്നായി കഴിക്കുകയും ചെയ്യും. അതുകൊണ്ട് തടി അത് പോലെ തന്നെ നില്‍ക്കും. എന്തായാലും ഉണ്ണികൃഷ്ണന്റെ സിനിമയില്‍ പുതിയൊരു മോഹന്‍ലാലിനെ കാണാനാകും.