പള്‍സറിനെയും വിജീഷിനെയും തിരികെ കോടതിയില്‍ എത്തിക്കേണ്ട; പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം: കോടതി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം സി.ജെ.എം കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കേസുമായി ബന്ധപ്പെട്ട കോടതിയില്‍ ഹാരാക്കണമെന്നും അറസ്റ്റ് ചെയ്തു കൊണ്ടു പോയ കോടതിയില്‍ തന്നെ ഹാജരാക്കേണ്ടതില്ലെന്നും സി.ജെ.എം കോടതി വ്യക്തമാക്കി. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്ന പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.

കോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ എത്രയും പെട്ടന്ന് കോടതിയില്‍ ഹാജരാക്കണമെന്ന് എറണാകുളം സി.ജെ.എം കോടതി ഉത്തരവിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുള്ള കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് വ്യക്തമായി. പോലീസ് നടപടിക്കെതിരെ പ്രതിഭാഗം അഭിഭാഷകരാണ് പരാതി നല്‍കിയത്. കോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ തിരികെ കോടതിയില്‍ എത്തിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പള്‍സര്‍ സുനിയും വിജീഷും എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയത്. പ്രതികളെ കോടതിയില്‍ കയറി ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.