ഫൈസല്‍ വധക്കേസില്‍ ഇടത് സര്‍ക്കാരിന് അലംഭാവം

ജിഷ്ണു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഫൈസല്‍ വധക്കേസിലെ ആവശ്യത്തിന് പരിഗണന വൈകുന്നു

കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഇടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്തു വരുന്നു. മൂന്നു മാസം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനോ ഫൈസലിന്റെ മാതാവിന്റെ അപേക്ഷ പരിഗണിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന തുനിയാത്ത ഇടത് സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായവും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചതും സര്‍ക്കാര്‍ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസിനെ പ്രീണിപ്പിക്കാനാണ് ഇടത് പക്ഷം ഇത്തരത്തില്‍ ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്.

പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ സീനിയര്‍  അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിനെ നിയമിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അതോടൊപ്പം ജിഷ്ണു ആത്മഹത്യ ചെയ്ത ദിവസങ്ങള്‍ക്കകം തന്നെ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ മൂന്നു മാസം മുമ്പ് കൊല്ലപ്പെട്ട ഫൈസലിന്റെ വാദം നടത്തുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഫൈസലിന്റെ മാതാവ് ജമീലയുടെ ചേമ്പറില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഏഴിന് പി.കെ. അബ്ദുറബ്ബ് മുഖേന ജമീല കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അഡ്വ. സി.കെ. ശ്രീധരനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് അപേക്ഷയില്‍ ഫൈസലിന്റെ മാതാവ് പറഞ്ഞിരുന്നത്. അപേക്ഷയോടൊപ്പം ശ്രീധരന്റെ സമ്മതപത്രവും നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ വേണ്ട നടപടികളെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

ഫൈസല്‍ കൊല്ലപ്പെട്ട് മൂന്നു ദിവസം പിന്നിട്ടപ്പോള്‍ തന്നെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. ശേഷം സര്‍വകക്ഷിയുടേതടക്കം നിരവധി അപേക്ഷകള്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഓഫീസുകളിലും നല്‍കി. മാത്രവുമല്ല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്റെ വീട്ടുകാരെ സന്ദര്‍ശിച്ച സമയത്ത് ഫൈസലിന്റെ ഉമ്മയെയും മൂന്നു പിഞ്ചു മക്കളെയും സാക്ഷിനിര്‍ത്തി മാധ്യമപ്രവര്‍ത്തകരോട് കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാളിതുവരെ അത് പരിഗണിക്കാനോ വിഷയത്തില്‍ അന്വേഷണം നടത്താനോ സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. നവംബര്‍ 22-ന് അബ്ദുറബ്ബ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് രണ്ടു മാസങ്ങള്‍ക്കു ശേഷം ജനുവരി 19-നാണ് മറുപടി നല്‍കിയത്. കത്തില്‍ അന്വേഷണം നടത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതുവരെയായി കത്ത് കളക്ട്രേറ്റിലെത്തിയിട്ടില്ലെന്നാണ് ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ അറിയുന്നത്.