പള്‍സര്‍ സുനി അറസ്റ്റില്‍: കസ്റ്റഡിയിലെടുത്തത് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍

കൊച്ചി: പ്രമുഖനടി ആക്രമിക്കപ്പെട്ട് ആറു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് നാടകീയമായി പിടികൂടിയത്.കീഴടങ്ങനാനെത്തിയ സുനിയേയും വിജീഷിനെയും കോടതിയിലെ പ്രതിക്കൂട്ടില്‍നിന്നാണ് മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.

വ്യാഴാഴ്ച തിരുവനന്തപുരത്തുള്ള കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങുമെന്ന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അഭിഭാഷകന്‍ തിരുവനന്തപുരത്തേക്ക് പോയതും പൊലീസ് നിരീക്ഷിച്ചു. അവര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടില്‍വരെ പൊലീസെത്തിയെങ്കിലും പ്രതികള്‍ അവിടെ നിന്നു രക്ഷപെട്ടു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം പദ്ധതി ഉപേക്ഷിച്ച് അഭിഭാഷകന്‍ കൊച്ചിയിലേക്ക് തിരിച്ചുവന്നു.

തുടര്‍ന്ന് ഇന്നുച്ചയോടെ അഭിഭാഷകന്റെ വാഹനത്തില്‍ പ്രതികളുണ്ടെന്ന് വിവരം ലഭിച്ചു. 12.52ന് വാഹനം ജോസ് ജംക്ഷനിലെത്തിയെന്ന് വിവരം ലഭിച്ചു. പൊലീസ് പിന്നാലെയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പ്രതിഷേധത്തെ തുടര്‍ന്ന് മുന്നോട്ടു പോകാനായില്ല. പിന്നീട് പള്‍സര്‍ ബൈക്കില്‍ കോടതിയിലെത്തിയ പ്രതികള്‍ മതില്‍ ചാടി കോടതിയിലേക്ക് പ്രവേശിച്ചു. തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള (ടിഎന്‍ 04 ആര്‍ 1496) കറുത്ത പള്‍സര്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സുനില്‍ കോടതിക്കു സമീപത്തെ എറണാകുളത്തപ്പന്‍ മൈതാനത്ത് ബൈക്ക് ഉപേക്ഷിച്ചശേഷം വിജീഷിനൊപ്പം കോടതിമുറിയിലക്ക് ഓടിക്കയറുകയായിരുന്നു. കേബിളുകള്‍ മുറിച്ച നിലയിലായിരുന്നു ബൈക്ക് എന്നതിനാല്‍ മോഷ്ടിച്ചതാണെന്നാണു സംശയം.

അഭിഭാഷകയ്‌ക്കൊപ്പമെത്തിയ പ്രതികള്‍ കോടതിക്ക് അകത്തേക്ക് ഓടികയറി പ്രതിക്കൂട്ടില്‍ പ്രവേശിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി വലിച്ചിറക്കുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണ് പ്രതികളെത്തിയത്.

സുനിലിനെ കോടതിമുറിയില്‍ കയറി അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ ശ്രമം തടയാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമിച്ചു. പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ദിവസങ്ങളായി സുനില്‍ എറണാകുളത്തുതന്നെ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം.