മുഖ്യമന്ത്രിയെ പഠിപ്പിക്കാനിറങ്ങി ഇളിഭ്യനായി മന്ത്രി ബാലന്‍

തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ മരണത്തിലേക്ക് തള്ളവിട്ട് വിവാദത്തിലായ നെഹ്‌റു കോളജിനെതിരെ ഒരക്ഷരം ഉരിയാടാതിരുന്ന മന്ത്രി എ.കെ ബാലന്‍ അതേവിഷയത്തില്‍ നിയമസഭയില്‍വച്ച് മുഖ്യമന്ത്രിയുടെ ശാസന ഏറ്റുവാങ്ങിയത് കാവ്യനീതി.

ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്ത്‌കൊടുത്തിട്ടുണ്ടെന്ന് അടിയന്തിരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിവരിക്കുന്നതിനിടെ ചില പോയിന്റുകള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചതാണ് മന്ത്രി എ.കെ ബാലന്‍ വിനയായത്.

തൊട്ടടുത്തിരുന്ന കസേരയിലിരുന്ന ബാലന്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് മൈക്കിലൂടെ സഭാംഗങ്ങളെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതിപക്ഷനേതാവ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും മന്ത്രി ഉപദേശിക്കുന്ന കാര്യങ്ങളല്ല ഇവിടെ പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രസംഗിക്കാന്‍ മുഖ്യമന്ത്രി തുടങ്ങിയപ്പോള്‍ എ.കെ ബാലന്‍ വീണ്ടും ഇടപെട്ടതാണ് പിണറായിയെ ചൊടിപ്പിച്ചത്.

ഹാ, അനങ്ങാതിരിക്കൂന്ന്’ എന്ന് മുഖ്യമന്ത്രി ബാലനെ ശകാരിക്കുകയും ചെയ്തു. മൈക്കിലൂടെ ഈ ശകാരം കേട്ട അംഗങ്ങളെല്ലാം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ആര്‍ത്തു ചിരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രസംഗം തെല്ലിട നിര്‍ത്തിയ പിണറായി മറ്റ് അംഗങ്ങളുടെ ചിരിയില്‍ പങ്ക്‌ചേര്‍ന്ന് രംഗം തണുപ്പിച്ചെങ്കിലും മന്തി എ.കെ ബാലന്‍ അപ്പോഴേക്കും ഇളിഭ്യനായി സീറ്റിലേക്ക് ചരിഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്ന കെ രാധാകൃഷ്ണനെയും അന്ന് മന്ത്രിയായിരുന്ന എ.കെ ബാലന്‍ പാര്‍ലമെന്ററി കാര്യം പഠിപ്പിക്കുന്നത് പതിവായിരുന്നു. ബാലന്റെ ഇടപെടലിലുള്ള അസ്വസ്ഥത അക്കാലത്ത് സ്പീക്കര്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നെഹ്‌റു കോളജ് വിഷയം കത്തിനില്‍ക്കുമ്പോള്‍ സമരത്തിന് പിന്തുണ നല്‍കാനോ വിദ്യാര്‍ഥികളെ കാണാനോ അനുകൂല പ്രസ്താവന ഇറക്കാനോ പാലക്കാട് ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എ.കെ ബാലന്‍ തയാറായിരുന്നു. മന്ത്രിയുടെ ഭാര്യ നെഹ്‌റു ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളജിലെ സുപ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നതാണ് മൗനത്തിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.