കന്യാസ്ത്രീയുടെ ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തി യുവതി: ‘നഗ്നയാക്കി എണ്ണപുരട്ടിയ ചൂരല്‍ കൊണ്ടടിച്ചു’

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊട്ടിയൂര്‍ പള്ളിയോട് ചേര്‍ന്നുള്ള മഠത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചിരുന്ന പെണ്‍കുട്ടി. പ്ലസ് വണ്‍കാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പള്ളിയുടെ മഠത്തില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകളെ കുറിച്ച് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. വൈദികന്റെ പീഡനം പുറത്തു വന്ന സാഹചര്യത്തില്‍ മഠത്തില്‍ കന്യാസ്ത്രീകളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്ന് പറയണം എന്നു പറഞ്ഞാണ് എലിസബത്ത് വട്ടക്കുന്നേല്‍ എന്ന യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ലിസി എന്ന കന്യാ സ്ത്രീയാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് എലിസബത്ത് പറയുന്നത്.

പീഡനക്കേസില്‍ പിടിയിലായ ഫാദര്‍ റോബിന്റെ അതേപള്ളിയുടെ കോണ്‍വെന്റിലാണ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടിവന്നത്. 1999ലാണ് ഈ സംഭവം നടന്നതെന്നും എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ മുപ്പതു പെണ്‍കുട്ടികള്‍. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം മുറ്റം അടിക്കണം. ചെടികള്‍ നനയ്ക്കണം. പാചകം ചെയ്യാന്‍ കൂടണം. വലിയ പശുക്കള്‍ ഉണ്ട്. അവരെ കുളിപ്പിക്കാന്‍ കൂടണം. തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ട് പോയി കൊടുക്കണം. അങ്ങനെ അങ്ങനെ ഒരുപാട് പണികളും ഉണ്ടായിരുന്നു- എലിസബത്ത് ഫേസ്ബുക്കില്‍ പറയുന്നു.

വാഴക്കുലയില്‍ നിന്ന് പഴം ഇരിഞ്ഞു കഴിച്ചതിനു ജിനിയെന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കാര്യമാണ് എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ആദ്യം വിവരിക്കുന്നത്. ഞങ്ങളോട് ഇന്ന് ചെയ്ത പാപത്തിന്റെ കണക്ക് എഴുതാന്‍ ആവശ്യപ്പെട്ടു. സത്യം എഴുതിയില്ലെങ്കില്‍ കള്ളത്തരം അളക്കുന്നതിനുള്ള മെഷീന്‍ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കുഞ്ഞു പാപങ്ങള്‍ എല്ലാവരും എഴുതി. ഓരോരുത്തരെ അവരവരുടെ പാപങ്ങള്‍ക്കനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരല്‍ ഉപയോഗിച്ച് അടിക്കാന്‍തുടങ്ങി.

എല്ലാവരും അലറിക്കരയും. ശബ്ദം പുറത്തു കേള്‍ക്കില്ല. മഠത്തിലെ അകത്തെ മുറിയില്‍ നിന്ന് ഒരു ശബ്ദവും പുറത്തു കേള്‍ക്കില്ല. മാത്രമല്ല ആ ചുറ്റുവട്ടത്ത്, തൊട്ടടുത്ത് ഒരു വീടു പോലും അന്ന് ഇല്ല. ഒടുവില്‍ ഏറ്റവും വലിയ പാപം ചെയ്തത് ആരാണെന്ന് കണ്ടുപിടിച്ചു. പഴംപറിച്ചുതിന്ന ആളാണ് ജിനി. ജിനിയെ അവര്‍ മറ്റൊരു മുറിയില്‍ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും അടികൊണ്ടവേദനയില്‍ പേടിച്ച് വിറച്ച് ഇരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കരഞ്ഞു തളര്‍ന്നു ജിനി പുറത്തുവന്നു. രാത്രിയായപ്പോള്‍ ജിനി ഉടുപ്പിട്ടിട്ടില്ല. അടിയുടെ ചോരപ്പാടുകള്‍ കൊണ്ട് പൊട്ടിയ ശരീരത്തില്‍ വസ്ത്രം തൊടുമ്പോള്‍ നീറിയിരുന്നു. വിശന്നപ്പോള്‍ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവള്‍ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സില്‍ തെളിയുന്നു- എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തനിക്ക് നേരിട്ട ദുരനുഭവവും എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. എന്റെ പപ്പ എനിക്കു തന്ന പത്ത് രൂപ ബാഗിലുണ്ടായിരുന്നു. പൈസ കൈയില്‍ ഉണ്ടെങ്കില്‍ അത് ബാഗില്‍ സൂക്ഷിക്കാതെ അവരെ ഏല്‍പ്പിക്കണം എന്നായിരുന്നു നിയമം. സ്‌കൂളില്‍ പോകുമ്പോള്‍ വയറുനിറയെ പഴംപൊരിമേടിച്ച് തിന്നോളാന്‍ പറഞ്ഞതു കൊണ്ട് ആ കാശ് ഞാന്‍ കൊടുത്തില്ല. ഇടയ്ക്കിടെ ബാഗ് പരിശോധന ഉണ്ട്. അങ്ങനെയാണ് അത് പിടിച്ചത്.

എന്നെയും പതിവ് പോലെ അവര്‍ അകത്തുള്ള ഇരുട്ടുമുറിയില്‍ കൊണ്ടു പോയി. എന്നോട് മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞു. പേടിച്ചരണ്ട ഞാന്‍ ആ വലിയ ചൂരലില്‍ ഒന്ന് നോക്കിയപ്പോള്‍ തന്നെ കരഞ്ഞുപോയി. പേടിച്ചിച്ചിട്ട് ശബ്ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടര്‍ത്തി യക്ഷിയെപ്പോലെ അവര്‍ അലറി എന്റെ ബ്‌ളൗസും പാവാടയും ഊരിപ്പിച്ചു. അടിവസ്ത്രം മാത്രം ആയി വേഷം കൈകള്‍ കെട്ടി വെയ്ക്കാന്‍ പറഞ്ഞു. ചൂരലില്‍ എണ്ണതേച്ച് അടി തുടങ്ങി ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു. കരഞ്ഞില്ല ഞാന്‍ സഹിച്ചു. കരയെടീ എന്ന് പറഞ്ഞവര്‍ ചോര തെറിക്കുന്നതുവരെ അടിച്ചു. എഴുന്നേല്‍പ്പിച്ച് നിര്‍ത്തി തുടപൊട്ടിചോരയൊലിക്കുംവരെ അടിച്ചവര്‍ രസിച്ചു- എലിസബത്ത് പറയുന്നു.