മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം- ക്വട്ടേഷനെന്ന് സൂചന

കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനു പിന്നില്‍ ചില ഉന്നതരുടെ ക്വട്ടേഷനാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍പ്പെട്ട താമസക്കാരാണ് ഈ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന.

മറൈന്‍ ഡ്രൈവിലെ പാര്‍ക്കില്‍ യുവതീയുവാക്കളില്‍ ചിലര്‍ അതിരു വിട്ട പെരുമാറ്റമാണെന്നും ഫ്‌ളാറ്റിലെ കുട്ടികള്‍ക്ക് ബാല്‍ക്കണിയില്‍ നില്‍ക്കാനാവാത്ത സ്ഥിതിയാണെന്നും താമസക്കാരുടെ പരാതി പൊലീസിന് ലഭിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാനായി പിങ്ക് പൊലീസിന്റെ സഹായത്തോടെ മറൈന്‍ ഡ്രൈവിലെ യുവതീയുവാക്കളെ വിരട്ടാന്‍ ശ്രമിച്ചിരുന്നെങ്കിലും എതിര്‍പ്പ് മൂലം ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഫ്‌ളാറ്റ് നിവാസികള്‍ നിരന്തരം പരാതി പറഞ്ഞതോടെയാണ് ഏതെങ്കിലും സംഘടനയുടെ സഹായം തേടാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബുദ്ധി ഉപദേശിച്ചത്. ഇതിന്റെ ഭാഗമായാണ് ചില ഫ്‌ളാറ്റ് ഉടമകള്‍ ശിവസേനയെ സമീപിച്ചതെന്നറിയുന്നു. തുടര്‍ന്നാണ് ചൂരല്‍ പ്രയോഗവുമായി ശിവസേന രംഗത്തിറങ്ങിയത്. ചില മാതാപിതാക്കള്‍ പരാതിയുമായി തങ്ങളുടെ ഓഫീസില്‍ നേരിട്ട് വന്നതു കൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് ശിവസേന നേതാക്കളുടെ പക്ഷം. മാതാപിതാക്കളല്ല മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് നിവാസികളാണ് ശിവസേനയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.

ശിവസേനക്കാര്‍ യുവതീയുവാക്കളെ അടിച്ചോടിച്ചപ്പോള്‍ ഫ്‌ളാറ്റിലെ താമസക്കാര്‍ ബാല്‍ക്കണിയില്‍ നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. വിഷയത്തില്‍ കാര്യമായ പൊലീസ് ഇടപെടല്‍ ഉണ്ടാകാത്തതിനു പിന്നില്‍ കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്.

ശിവസേനക്കാര്‍ അഴിഞ്ഞാടിയപ്പോള്‍ വിരലില്‍ എണ്ണാവുന്ന പൊലീസുകാരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കിയ വിഷയത്തില്‍ കൊച്ചി പൊലീസിനോട് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.