കാപ്പിയോടൊപ്പം കഞ്ചാവ് കൃഷി; 67കാരന്‍ കസ്റ്റഡിയില്‍

വയനാട്: അഞ്ചരയേക്കറോളം വരുന്ന കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് ചെടികളും നട്ടുവളര്‍ത്തിയ മധ്യവയസ്‌കനെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.

വയനാട് കണിയാമ്പറ്റകൂടോത്തുമ്മല്‍ ചീക്കല്ലൂര്‍ വട്ടപറമ്പില്‍ ജോര്‍ജ് (67) ആണ് അറസ്റ്റിലായത്. കാപ്പിത്തോട്ടത്തില്‍ ഇയാള്‍ താമസിക്കുന്ന ഷെഡ്ഡിനോടുചേര്‍ന്ന് ചാക്കില്‍ മണ്ണുനിറച്ചാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്.

വയനാട് എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കല്പറ്റ റെയ്ഞ്ച് അധികൃതരുംചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

മൂന്നുമാസം പ്രായമുള്ള അഞ്ചടിയോളം ഉയരമുള്ള നാലു ചെടികളാണ് ഉണ്ടായിരുന്നത്. പൂവിട്ട് കായ ഉണ്ടായ നിലയിലാണ് ചെടികള്‍. പ്രതിയെയും കഞ്ചാവുചെടികളും വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.